കോഴിക്കോട് : പി.ജി ഡോക്ടര്‍മാര്‍ നടത്തുന്ന സമരം കൂടുതല്‍ ശക്തമായതോടെ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ രോഗികള്‍ വലയുന്നു. അത്യാഹിത വിഭാഗം, ഐ.സി.യു, ഒ.പി, വാര്‍ഡ്, ഓപറേഷന് തിയറ്റര്‍ എന്നിവ ഡോക്ടര്‍മാര്‍ ബഹിഷ്കരിച്ചതിനാല്‍ പല രോഗികള്‍ക്കും ചികിത്സക്കായി മണിക്കൂറുകളാണ് കാത്തു നില്‍ക്കേണ്ടി വന്നത്. മുന്‍ ദിവസങ്ങളില്‍ ഒ.പികള്‍, ഓപറേഷന് തിയറ്റര്‍, വാര്‍ഡ് എന്നിവ മാത്രമാണ് ബഹിഷ്കരിച്ചിരുന്നത്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സൂപ്പര്‍ സ്പെഷാലിറ്റിയിലെ അക്കാദമിക് സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാരും ജോലി ബഹിഷ്കരിച്ചതോടെ ചികിത്സ കിട്ടാതെ നിരവധി രോഗികള്‍ മടങ്ങി. സമരക്കാരുടെ ആവശ്യം അംഗീകരിച്ച് മെഡിക്കല്‍ കോളജുകളില്‍ നോണ്‍ അക്കാദമിക് ജൂനിയര്‍ റസിഡന്റുമാരെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ കഴിഞ്ഞദിവസം ഉത്തരവിറക്കിയിരുന്നു. എന്നാല്‍, ഉത്തരവില്‍ വ്യക്തത ഇല്ലാത്തതിനാല്‍ സമരം മുന്നോട്ട് കൊണ്ടുപോവാനാണ് പി.ജി അസോസിയേഷെന്റ തീരുമാനം.
ഡോക്ടര്‍മാരുടെ ഒഴിവിലേക്ക് 50 ശതമാനത്തിലും കുറവ് തസ്തികകളാണ് ഓരോ കോളജിലും അനുവദിച്ചിരിക്കുന്നത്. 200 പേരുടെ ഒഴിവിലേക്ക് 70 പേരെ മാത്രമാണ് ഇപ്പോഴത്തെ ഉത്തരവ് പ്രകാരം നിയമിക്കുന്നത്. മാത്രമല്ല, ഇവരുടെ നിയമന അഭിമുഖം 13 ന് ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും ജോലി വ്യവസ്ഥയെക്കുറിച്ച് ഉത്തരവില്‍ പരാമര്‍ശമില്ല. പി.ജി ഡോക്ടര്‍മാരുടെ നാല് ശതമാനം ശമ്പള വര്‍ധന അംഗീകരിച്ചിട്ടുമില്ല. അതിനാല്‍, ഉത്തരവ് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സമരം തുടരുമെന്നും മെഡിക്കല്‍ പി.ജി ഡോക്ടേഴ്സ് അസോസിയേഷന് കോഴിക്കോട് ചാപ്റ്റര്‍ സെക്രട്ടറി കെ.വി അമൃത അറിയിച്ചു. ആരോഗ്യമന്ത്രി സമരക്കാരുമായി തുറന്ന ചര്‍ച്ചക്ക് ഇതുവരെ തയാറായിട്ടില്ലെന്നും അവര്‍ പറഞ്ഞു.
അതേസമയം, സമരത്തിലുള്ള പി.ജി ഡോക്ടര്‍മാരോട് ഹോസ്റ്റല്‍ ഒഴിയണമെന്ന മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റ ഉത്തരവ് പ്രതിഷേധത്തെ തുടര്‍ന്ന് റദ്ദാക്കി. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഉത്തരവ് പിന്‍വലിച്ചത്. വ്യാഴാഴ്ചയാണ് ആരോഗ്യ മന്ത്രിയുടെ ഓഫിസില്‍നിന്ന് ഹോസ്റ്റല്‍ ഒഴിയണമെന്ന ഉത്തരവ് ഡി.എം.ഇ വഴി പ്രിന്‍സിപ്പലിന് ലഭിച്ചത്. തുടര്‍ന്ന് ഏഴരയോടെ പെണ്‍കുട്ടികളടക്കമുള്ളവര്‍ ഹോസ്റ്റലുകളില്‍നിന്ന് പായയും തലയണയുമായി പുറത്തിറങ്ങി പ്രിന്‍സിപ്പല്‍ ഓഫിസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.
സ്ഥിതി ഗുരുതരം
സമരത്തിന്റ പശ്ചാത്തലത്തില്‍ അത്യാഹിത വിഭാഗത്തില്‍ പൊതുവെ തിരക്ക് കുറവായിരുന്നു. മുതിര്‍ന്ന ഡോക്ടര്‍മാരാണ് ചികിത്സ ഏകോപിപ്പിച്ചത്. എത്തിയ രോഗികളെപോലും യഥാസമയം പരിശോധിക്കാന്‍ ഒ.പികളില്‍ ഡോക്ടര്‍മാരില്ലായിരുന്നു. വാര്‍ഡുകളെയാണ് സമരം കാര്യമായി ബാധിച്ചത്. പി.ജി ഡോക്ടര്‍മാര്‍ വിട്ട് നിന്നതോടെ ഹൗസ് സര്ജന്മാരുടെ ജോലിഭാരം ഇരട്ടിയായി.
കൃത്യസമയത്ത് ചികിത്സയോ ശ്രദ്ധയോ ലഭിക്കാതെ രോഗികളും ബുദ്ധിമുട്ടുകയാണ്. കോവിഡ് ചികിത്സയെ സമരത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തീയതി ഉറപ്പിച്ച പല ശസ്ത്രക്രിയകളും മുടങ്ങുന്നുണ്ട്. അടിയന്തരമായി ചെയ്യേണ്ടവ മാത്രമാണ് നടന്നത്. ഇതോടെ ശസ്ത്രക്രിയകള്‍ പകുതിയായി കുറഞ്ഞു. ഒ.പികളില്‍നിന്ന് നേരിട്ട് വാര്‍ഡുകളിലേക്ക് രോഗികളെ അഡ്മിറ്റ് ചെയ്യാതെയായി. വാര്‍ഡുകളില്‍നിന്ന് ഗുരുതര രോഗമില്ലാത്തവരെ ഡോക്ടര്‍മാര്‍ തന്നെ ഡിസ്ചാര്‍ജ് കൊടുത്ത് പറഞ്ഞയക്കുകയാണ്. ജില്ലക്ക് പുറത്തുനിന്നെത്തിയ രോഗികളാണ് ഏറെയും ബുദ്ധിമുട്ടിയത്.
ജോലിഭാരം താങ്ങാവുന്നതിലും അധികമായാല്‍ സമരത്തിനിറങ്ങുമെന്നാണ് ഹൗസ് സര്ജന്മാരുടെ നിലപാട്. സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാരും സമാന തീരുമാനത്തിലാണ്. ഹൗസ് സര്ജന്മാരും സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാരും കൂടി സമരത്തിലേക്ക് പോയാല്‍ മുതിര്‍ന്ന ഡോക്ടര്‍മാര്‍ മാത്രമേ പിന്നീട് ജോലിക്കുണ്ടാവൂ. അത് ആശുപത്രിയിലെ മുഴുവന്‍ ചികിത്സാ സംവിധാനങ്ങളും അവതാളത്തിലാക്കും. സമരം ശനിയാഴ്ച പത്താം ദിവസത്തിലേക്ക് കടക്കും.
































