മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറ്. തന്റെ വ്യക്തിപരമായ വിശേഷങ്ങളും സിനിമ വിശേഷങ്ങളുമെല്ലാം ലാലേട്ടൻ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. തന്റെ അരുമകളായ വളർത്തുമൃഗങ്ങൾക്കൊപ്പമുള്ള രസകരമായ നിമിഷങ്ങളും ലാലേട്ടൻ പങ്കുവയ്ക്കാറുണ്ട്. ഫിറ്റ്നസിന്റെയും ആരോഗ്യത്തിന്റെയും കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും മോഹൻലാൽ ചെയ്യാറില്ല. ഇപ്പോഴിതാ പ്രിയതാരം പങ്കുവച്ചിരിക്കുന്ന ഒരു വർക്കൗട്ട് വീഡിയോയുടെ പിന്നാലെയാണ് ആരാധകർ.
ഇതിന് മുൻപ് പലപ്പോഴും ലാലേട്ടൻ തന്റെ വർക്കൗട്ട് വീഡിയോകൾ പങ്കുവച്ചിട്ടുണ്ട്. വർക്കൗട്ടിലുള്ള മോഹൻലാലിന്റെ ഡെഡിക്കേഷനെയാണ് ആരാധകർ പുകഴ്ത്തുന്നത്. താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായെത്തിയിരിക്കുന്നത്. ഏട്ടൻ ചുമ്മാ തീ ആണല്ലോ, യൂത്തമാരെ ഇങ്ങനെ അപമാനിക്കാമോ..? എന്നൊക്കെയാണ് ഭൂരിഭാഗം പേരുടേയും കമന്റുകൾ. അതേസമയം മോഹൻലാലിന്റേതായി നിരവധി സിനിമകളാണ് അണിയറയിലൊരുങ്ങുന്നത്. പാൻ ഇന്ത്യൻ ചിത്രമായ വൃഷഭയാണ് മോഹൻലാലിന്റേതായി അണിയറയിൽ പുരോഗമിക്കുന്ന ചിത്രം. നന്ദ കിഷോറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടൈ വാലിബനാണ് മോഹൻലാലിന്റേതായി റിലീസിനൊരങ്ങുന്ന ചിത്രം. പ്രഖ്യാപനം മുതൽ തന്നെ സിനിമ പ്രേക്ഷകർ ഏറെ ആവേശത്തോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. വൻതാരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം രാജസ്ഥാനിലായിരുന്നു. റാം, ജയിലർ, ബറോസ്, എംപുരാൻ എന്നീ ചിത്രങ്ങളും മോഹൻലാലിന്റേതായി വരാനുണ്ട്. രജിനികാന്തിനൊപ്പമാണ് ജയിലറിൽ ലാലേട്ടനെത്തുന്നത്. ജയിലറിലെ താരത്തിന്റെ ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
നിർണായകമായ അതിഥി വേഷമാണ് മോഹൻലാലിന്റേതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തുന്ന മറ്റൊരു ബിഗ് ബജറ്റ് ചിത്രമാണ് റാം. വ്യത്യസ്ത ഗെറ്റപ്പിലാണ് ചിത്രത്തിൽ മോഹൻലാലെത്തുന്നത്. തൃഷയാണ് ചിത്രത്തിലെ നായിക. മോഹൻലാലിന്റേതായി പ്രേക്ഷകർ ഏറെ നാളുകളായി കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ബറോസ്. മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായതു കൊണ്ടു തന്നെ പ്രേക്ഷകരുടെ കാത്തിരിപ്പും വാനോളമാണ്.