തിരുവനന്തപുരം : നെല്ലിന്റെ ചാരത്തില്‍നിന്ന് സിമന്റ് ഇഷ്ടികകള്‍ നിര്‍മിക്കുന്നതിനുള്ള സാങ്കേതികവിദ്യ ഒരുക്കി സാങ്കേതിക സര്‍വകലാശാല. കാലടി റൈസ് മില്ലേഴ്സ് കണ്‍സോര്‍ട്യം പ്രൈവറ്റ് ലിമിറ്റഡിനുവേണ്ടിയാണ് സര്‍വകലാശാല ഈ പദ്ധതി ഏറ്റെടുത്ത് നടപ്പാക്കുന്നത്. റൈസ് മില്ലിങ് വ്യവസായത്തിന്റെ സുഗമമായ നടത്തിപ്പിനായി 36 റൈസ് മില്ലുടമകള്‍ ചേര്‍ന്ന് രൂപവത്കരിച്ച കണ്‍സോര്‍ട്യം കേന്ദ്ര ഗവണ്മെന്റിന്റെ എം.എസ്.എം.ഇ മന്ത്രാലയത്തിന്റെ മൈക്രോ സ്മോള്‍ എന്റര്‍പ്രൈസസ് – ക്ലസ്റ്റര്‍ ഡെവലപ്മെന്റ് പ്രോഗ്രാമിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലുള്ള അധ്യാപകരുടെ സാങ്കേതിക നൈപുണ്യം പ്രയോജനപ്പെടുത്തി നടപ്പാക്കുന്ന പദ്ധതിക്ക് സര്‍വകലാശാലയിലെ ഇന്‍ഡസ്ട്രി അറ്റാച്ച്മെന്റ് സെല്ലാണ് നേതൃത്വം നല്‍കുന്നത്.
സിമന്റ് ഉല്പാദനം വളരെ ചെലവേറിയതും പ്രകൃതിവിഭവങ്ങള്‍ നശിപ്പിക്കുന്നതുമായ പ്രക്രിയയായതിനാല്‍ സിമന്റിന്റെ ബദലായാണ് നെല്ലിന്റെ ചാരത്തില്‍നിന്നുള്ള സിമന്റ് ഉല്പാദനത്തെ കണക്കാക്കുന്നത്. വയലുകളില്‍ വന്‍തോതില്‍ വയ്ക്കോല് കത്തിക്കുന്നതും അനിയന്ത്രിത നിര്‍മാര്‍ജനവും ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ നെല്ല് ഉപയോഗിച്ചുള്ള സിമന്റ് ഉല്പാദനം കെട്ടിട നിര്‍മാണ വ്യവസായത്തില്‍ വന്‍ ജനപ്രീതി നേടുമെന്നാണ് സര്‍വകലാശാലയുടെ പ്രതീക്ഷ.