തിരുവനന്തപുരം : കെട്ടിട നിർമ്മാണ സാധനങ്ങളുടെ അനിയന്ത്രിതമായ വിലവര്‍ധനവിനെതിരെ പ്രതിഷേധവുമായി ഈ മേഖലയിലെ പ്രബല സംഘടനയായ അസോസിയേഷൻ ഓഫ് പ്രൈവറ്റ് കോൺട്രാക്ടേഴ്സ് ആൻഡ് ഡെവലപ്പേഴ്സ്.
സിമന്റിനും ക്വാറി ഉല്പന്നങ്ങൾക്കും ദിനംപ്രതി വില വര്‍ദ്ധിപ്പിക്കുകയാണ്. ഇതുമൂലം കരാര്‍ എടുത്ത പണികള്‍ മിക്കതും നഷ്ടത്തിലാണ്. പ്രളയവും തുടന്നുവന്ന കോവിഡ് മഹാമാരിയും നിര്‍മ്മാണ മേഖലക്ക് കനത്ത ആഘാതമാണ് വരുത്തിയിരിക്കുന്നത്. എങ്ങനെയും പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് അനിയന്ത്രിതമായ ഈ വിലക്കയറ്റം. നിര്‍മ്മാണ സാധനങ്ങളുടെ വിലക്കൂടുതല്‍ കാരണം പലരും പണി നിര്‍ത്തി വെച്ചിരിക്കുകയാണ്. ഇത് ഈ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളെ ബാധിച്ചുകഴിഞ്ഞു.
രാംകോ, ശങ്കർ, അൾട്രാടെക്ക് തുടങ്ങിയ പ്രമുഖ സിമന്റ് കമ്പിനികള്‍ കഴിഞ്ഞ ദിവസങ്ങളിൽ ബാഗ് ഒന്നിന് നൂറ് രൂപയോളം വില ഉയർത്തിയിട്ടുണ്ട്. യാതൊരു നീതീകരണവുമില്ലാത്ത ഈ നടപടി അംഗീകരിക്കില്ലെന്നും സിമിന്റ് കമ്പിനികള്‍ നടത്തുന്നത് പകല്‍കൊള്ളയാണെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തി. വിലക്കയറ്റം പിടിച്ചുനിർത്താൻ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്ന് അസോസിയേഷൻ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സിമിന്റ് കമ്പിനികളുടെ ധിക്കാരപരമായ നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ പ്രമുഖ ബ്രാന്റുകളുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്ക്കരിക്കേണ്ടിവരുമെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അജി ദാമോധരൻ, സെക്രട്ടറി മഞ്ജു മാത്തൂർ, ട്രഷറാർ വിമൽ കുമാർ എന്നിവര്‍ പറഞ്ഞു.