റാന്നി: വീണ്ടും നൂറ് ശതമാനം വിജയം കൈവിടാതെ ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്കൂൾ. തുടർച്ചയായ പന്ത്രണ്ടാം തവണയും നൂറ് ശതമാനം വിജയമാണ് ഈ സകൂളിനെ തേടിയെത്തിയത്. ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന സ്കൂളിന്റെ ഈ നേട്ടത്തിൽ കുട്ടികൾക്കും അധ്യാപകർക്കും പിടിഎയ്ക്കും ഒരു പോലെ ആഹ്ളാദിക്കാൻ ഉള്ള അവസരമായി. സ്പെഷ്യൽ ക്ലാസെടുത്തും അധിക സമയം നീക്കിവെച്ചുമാണ് അധ്യാപകർ കുട്ടികളെ പരീക്ഷക്ക് മാനസികമായി തയ്യാറാക്കിയത്. ഓണ്‍ലൈനില്‍ അധ്യാപകര്‍ നോട്ടുകള്‍ തയ്യാറാക്കി നല്‍കിയും സംശയങ്ങള്‍ തീര്‍ത്തുമാണ് മുന്നോട്ടു പോയത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ വലയുന്ന ഈ സ്കൂളിന്റെ നേട്ടം ആരെയും അത്ഭുതപ്പെടുത്തും.
സ്കൂളിനെ ഉന്നത നിലവാരത്തിലാക്കുന്നതിന്റെ ഭാഗമായി മൂന്നു നിലകളിലായി ഹൈടെക് ക്ലാസ് മുറികൾ ഉൾപ്പെടുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. വൈദ്യുതി കൂടി ലഭ്യമായാല്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ കഴിയും. നൂറ് ശതമാനം വിജയം തുടർച്ചയായ പന്ത്രണ്ടാം തവണയുമെന്നത് താലൂക്കിൽ തന്നെ മറ്റാർക്കും അവകാശപ്പെടാനാവാത്ത നേട്ടമാണ്.