ന്യൂഡൽഹി : യുപി മന്ത്രിസഭാ വികസനത്തിനൊപ്പം കേന്ദ്രമന്ത്രി സഭാ വികസനവും ബിജെപി പരിഗണിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ. പി. നഡ്ഡ എന്നിവരുമായി ചർച്ച നടത്തി. രണ്ടാം മോദി മന്ത്രിസഭ അധികാരമേറ്റ ശേഷം മൂവരും ചേർന്ന് ഇത്തരമൊരു യോഗം ആദ്യമായാണ്.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടു ദിവസം ഡൽഹിയിൽ ബിജെപി നേതാക്കളെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കണ്ടു ചർച്ച നടത്തിയിരുന്നു. യുപിയിൽ യോഗിയെ മാറ്റുന്നില്ലെന്നും പകരം മന്ത്രിസഭാ വികസനമുണ്ടാവുമെന്നുമാണ് സൂചന. മോദി എല്ലാ കേന്ദ്രമന്ത്രിമാരുമായും ചർച്ച നടത്തുന്നുണ്ട്.
എൻഡിഎയിലെ ഘടകകക്ഷിയായ അപ്നാദളിന് കേന്ദ്രമന്ത്രിസഭയിൽ സ്ഥാനവും ഇതോടൊപ്പമുണ്ടായേക്കുമെന്നാണ് കരുതുന്നത്. യോഗി – അമിത് ഷാ ചർച്ചയ്ക്കു പിന്നാലെ അപ്നാദൾ നേതാവ് അനുപ്രിയ പട്ടേലുമായും അമിത് ഷാ ചർച്ച നടത്തി. ഒന്നാം മോദി മന്ത്രിസഭയിൽ അനുപ്രിയ സഹമന്ത്രിയായിരുന്നു. യുപിയിൽ ഗണ്യമായ സ്വാധീനമുള്ള പാർട്ടിയാണ് അപ്നാദൾ. നിഷാദ് പാർട്ടിക്കും യുപി മന്ത്രിസഭയിൽ പങ്കാളിത്തമുണ്ടായേക്കും.
പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പുറമേ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ജിതിൻ പ്രസാദ, ആർഎസ്‌എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബൊല തുടങ്ങിയവരുമായും യോഗി ചർച്ച നടത്തിയിരുന്നു.
പ്രധാനമന്ത്രിയുടെ അടുപ്പക്കാരനായി അറിയപ്പെടുന്ന എ.കെ.ശർമയെ മന്ത്രിസഭയിലുൾപ്പെടുത്തുന്നതടക്കമുളള കാര്യങ്ങളിൽ എതിർപ്പില്ലെന്നു യോഗി അറിയിച്ചതായാണ് സൂചനകൾ. ശർമയ്ക്ക് ഉപമുഖ്യമന്ത്രി പദം കിട്ടിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ജിതിൻ പ്രസാദയ്ക്ക് എംഎൽസി സ്ഥാനം നൽകാനും മന്ത്രിസഭയിലെടുക്കാനുള്ള സാധ്യതയും നിലവിലെ ഉപമുഖ്യമന്ത്രി കൃഷ്ണപ്രസാദ് മൗര്യക്ക് ബിജെപി അധ്യക്ഷ സ്ഥാനം നൽകുന്നതും ചർച്ചകളിലുണ്ട്. യുപിയിലെ തർക്കങ്ങളെല്ലാം പരിഹരിച്ചതായും പാർട്ടി ഒറ്റക്കെട്ടായി അടുത്ത വർഷത്തെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു.