തിരുവനന്തപുരം: മനുഷ്യ വിസര്‍ജ്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ബയോ ഇലക്ട്രിക് ശൗചാലയവുമായി സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡിവലപ്മെന്റിലെ ശാസ്ത്രജ്ഞര്‍ (സിഡബ്ല്യുആര്‍ഡിഎം). വീടുകളിലും പൊതുയിടങ്ങളിലുള്ള ശൗചാലയങ്ങളില്‍ പ്രത്യേകം തയ്യാറാക്കിയ പ്ലാന്റ് (മൈക്രോബിയല്‍ ഫ്യൂവല്‍ സെല്‍) ഘടിപ്പിച്ച് കുറഞ്ഞ അളവിലുള്ള വൈദ്യുതി ഉത്പാദിപ്പിക്കുന്നതാണ് സംവിധാനം. ശൗചാലയങ്ങളില്‍ ഉപയോഗിക്കുന്ന വെള്ളം ശുദ്ധീകരിച്ച് പുനരുപയോഗിക്കാനും കഴിയും. സിഡബ്ല്യുആര്‍ഡിഎമ്മിലെ ശാസ്ത്രജ്ഞരായ ഡോ. ബി. നീനു, കെ. ഇജാസ് എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. പേറ്റന്റിന് അപേക്ഷിക്കാനും ഇവര്‍ തയ്യാറെടുക്കുന്നു.
മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിവുള്ള ഇലക്ട്രോജെനിക് ബാക്ടീരിയെയാണ് പ്ലാന്റില്‍ നിക്ഷേപിച്ചിട്ടുള്ളത്. ഈ ബാക്ടീരിയ മാലിന്യത്തില്‍ അടങ്ങിയിട്ടുള്ള രാസോര്‍ജം വൈദ്യുതോര്‍ജമായി മാറ്റും. ഈ പ്രക്രിയയില്‍ ഇലക്ട്രോൺസ് പുറന്തള്ളും. പ്ലാന്റിലുള്ള ഇലക്ട്രിക് സര്‍ക്യൂട്ട് വഴി ഇലക്ട്രോൺസിനെനെ കടത്തിവിട്ടാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഐഐടി ഖരഗ്പൂരില്‍ നടത്തിയ പരീക്ഷണം വിജയിച്ചിരുന്നു. അവിടത്തെ ഗ്രാമപ്രദേശങ്ങളില്‍ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കുന്ന ബയോ ഇലക്ട്രിക് ശൗചാലയങ്ങളും സ്ഥാപിച്ചു. പിന്നാലെ ഡല്‍ഹിയിലും. ഇവ വിജയമായതോടെയാണ് കേരളത്തിലും ഈ സംവിധാനം വികസിപ്പിക്കാന്‍ തീരുമാനിച്ചത്.
പരീക്ഷണാടിസ്ഥാനത്തിലാണ് സ്ഥാപിക്കുക. മാലിന്യം ശുദ്ധീകരിക്കുന്നതിനു പുറമേ ജൈവമാലിന്യം സംസ്‌കരിക്കാനും സാധിക്കും. ഈ ബാക്ടീരിയയുടെ പ്രവര്‍ത്തനത്തിലൂടെ 10 മുതല്‍ 50 വാട്ട്വരെ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് ഉദ്ദേശിക്കുന്നത്. ഭാവിയില്‍ വലിയ അളവില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ പരിഷ്‌കരിക്കാനും പദ്ധതിയുണ്ട്. ശൗചാലയങ്ങളില്‍നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി സെന്‍സര്‍, മൊബൈയില്‍, എല്‍ഇഡി തുടങ്ങിയ ഉപകരണങ്ങള്‍ ചാര്‍ജ്‌ചെയ്യാന്‍ കഴിയും. 1.5 ലക്ഷം രൂപയാണ് നിര്‍മാണച്ചെലവ് കണക്കാക്കുന്നത്.