തിരുവനന്തപുരം: കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരള സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചു. എന്നാല്‍ കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ തയ്യാറല്ല എന്ന് കേന്ദ്രം ആവര്‍ത്തിച്ചു. വന്യജീവി സംരക്ഷണനിയമത്തില്‍ ഒരു മാറ്റവും വരുത്തില്ല എന്നും 1972 ലെ വന്യജീവി (സംരക്ഷണ) നിയമം മനുഷ്യ-വന്യജീവി സംഘര്‍ഷം കൈകാര്യം ചെയ്യുന്നതിന് ഇതിനകം തന്നെ മതിയായ വ്യവസ്ഥകള്‍ നല്‍കുന്നുണ്ടെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്.
രാജ്യസഭയില്‍ പരിസ്ഥിതി, വനം വകുപ്പ് സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ്, വി ശിവദാസന്‍ എംപിക്ക് നല്‍കിയ മറുപടിയിലാണ് അഭ്യര്‍ത്ഥന ലഭിച്ചതായി സ്ഥിരീകരിച്ചത്. പ്രത്യേക സാഹചര്യങ്ങളില്‍ വന്യമൃഗങ്ങളെ വേട്ടയാടുന്നതിന് സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അനുമതി നല്‍കുന്ന നിയമത്തിലെ സെക്ഷന്‍ 11 ഉപയോഗിക്കാന്‍ ആണ് കേന്ദ്രത്തിന്റെ ഉപദേശം. എന്നാല്‍ ഈ വകുപ്പ് മൂലം ഉണ്ടാവുന്ന സാങ്കേതികമായ നൂലാമാലകള്‍ വളരെയേറെയാണ്.
വന്യജീവി ആക്രമണം നിയന്ത്രിക്കുന്നത് പ്രാഥമികമായി സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണെന്ന് ആവര്‍ത്തിക്കുന്ന മന്ത്രാലയം, അത്തരം സംഘര്‍ഷങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് സ്വയംഭരണം നല്‍കാന്‍ തയ്യാറാകാത്തത് വിരോധാഭാസമാണ് എന്ന് വി ശിവദാസന്‍ എംപി പറഞ്ഞു.