ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി തൊഴിലുറപ്പ് പദ്ധതിയിൽ ചെലവ് നിയന്ത്രണത്തിനൊരുങ്ങി കേന്ദ്രം. 2025-26 സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എം.ജി.എൻ.ആർ.ഇ.ജി.എസ്) പ്രകാരമുള്ള ചെലവ് വാർഷിക വിഹിതത്തിന്റെ 60 ശതമാനമാക്കി. ആവശ്യം പരിഗണിച്ച് ചെലവ് എന്നതായിരുന്നു ഇതുവരെയുള്ള പദ്ധതി പ്രവർത്തനം. പദ്ധതിയെ പ്രതിമാസ/പാദവാർഷിക ചെലവ് പദ്ധതിക്ക് (എം.ഇ.പി/ക്യൂ.ഇ.പി) കീഴിൽ കൊണ്ടുവരുമെന്ന് ധനകാര്യ മന്ത്രാലയം ഗ്രാമവികസന മന്ത്രാലയത്തെ അറിയിച്ചു. ഇതുവരെ, തൊഴിലുറപ്പ് പദ്ധതിക്ക് ബാധകമാക്കാതിരുന്ന സംവിധാനമാണ് ഇത്. മന്ത്രാലയങ്ങളുടെ പദ്ധതിച്ചെലവുകൾ നിയന്ത്രിക്കാനും കടം വാങ്ങേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനുമാണ് 2017ൽ കേന്ദ്ര ധനകാര്യ മന്ത്രാലയം പ്രതിമാസ/പാദവാർഷിക ചെലവ് മാനദണ്ഡങ്ങൾ രൂപവത്കരിച്ചത്.
ആവശ്യകത അനുസരിച്ച് ചെലവെന്ന തൊഴിലുറപ്പ് പദ്ധതിയുടെ സ്വഭാവത്തിൽ മാറ്റം വരുത്തുന്നത് പ്രാവർത്തികമല്ലെന്ന് ഗ്രാമവികസന മന്ത്രാലയം നേരത്തേ നിലപാടറിയിച്ചിരുന്നു. എന്നാൽ, 2025-26 സാമ്പത്തിക വർഷം മുതൽ പദ്ധതിക്ക് ചെലവ് പരിധിയേർപ്പെടുത്താൻ ധനകാര്യമന്ത്രാലയം നിർദേശം നൽകിയെന്നാണ് വിവരം. മേയ് 29ന് ധനകാര്യ മന്ത്രാലയം ഗ്രാമവികസന മന്ത്രാലയത്തിന് നൽകിയ അറിയിപ്പനുസരിച്ച് പദ്ധതിയുടെ വാർഷിക വിഹിതത്തിന്റെ 60 ശതമാനംവരെ, അതായത് 86,000 കോടി രൂപ മാത്രമാണ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ചെലവഴിക്കാനാവുക. കഴിഞ്ഞ സാമ്പത്തിക വർഷം പദ്ധതിയിൽ 21,000 കോടി രൂപയുടെ കുടിശ്ശികയുണ്ടെന്നാണ് കണക്ക്. അതിനാൽ, സെപ്റ്റംബർ അവസാനംവരെ പദ്ധതിക്ക് 51,600 കോടി രൂപ മാത്രമേ ലഭ്യമാകൂ.