പത്തനംതിട്ട : കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നത് ജനദ്രോഹ സർക്കാരുകളാണെന്നും അഴിമതിയും സ്വജന പക്ഷപാതവും ഭരണത്തിന്റെ മുഖമുദ്രയാണെന്നും ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന റാന്നി പഞ്ചായത്ത് പുതുശ്ശേരിമല ഏഴാം വാർഡ് യു.ഡി.എഫ് തെഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ശരിയാക്കാം എന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ പിണറായി സർക്കാർ കേരളത്തിലെ ജനങ്ങളെ പിച്ചച്ചട്ടി എടുപ്പിച്ച് എല്ലാ തരത്തിലും ശരിയാക്കിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ച് പിണറായിയുടെ അഴിമതി ഭരണത്തിനെതിരായി ജനങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തണമെന്ന് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അഭ്യർത്ഥിച്ചു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷാജി നെല്ലിമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, ഡി.സി.സി ഭാരവാഹികളായ സാമുവൽ കിഴക്കുപുറം, ലിജു ജോർജ്ജ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ സിബി താഴത്തില്ലത്ത്, പ്രൊഫ.പി.കെ മോഹൻരാജ്, മുൻ ബ്ലോക്ക് പ്രസിഡന്റുമാരായ പ്രൊഫ.തോമസ് അലക്സ്, രാജു മരുതിക്കൽ, ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എ.കെ. ലാലു, സ്ഥാനാർത്ഥി റ്റി.കെ.സുധാകരൻ, കോൺഗ്രസ് പഴവങ്ങാടി മണ്ഡലം പ്രസിഡന്റ് തോമസ് ഫിലിപ്പ്,ജോർജ്ജ് കുട്ടി ആശാരിതുണ്ടിൽ, എബി മാത്യു എന്നിവർ പ്രസംഗിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നതിനായി നൂറ്റിഒന്ന് അംഗങ്ങൾ അടങ്ങുന്ന കമ്മിറ്റിയെ തെരഞ്ഞെടുത്തു.