ന്യൂഡല്‍ഹി : ഇക്കുറി കേന്ദ്ര ബജറ്റ് പേപ്പര്‍രഹിതം. ചരിത്രത്തില്‍ ആദ്യമായാണ് കേന്ദ്രസര്‍ക്കാര്‍ പേപ്പര്‍രഹിത ബജറ്റ് അവതരിപ്പിക്കുന്നത്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ തന്റെ മൂന്നാമത്തെ ബജറ്റ് അവതരിപ്പിക്കാന്‍ ദേശീയമുദ്ര ആലേഖനം ചെയ്ത ചുവന്ന കവറില്‍ ഇന്ത്യന്‍ നിര്‍മിത ടാബുമായാണ് പാര്‍ലമെന്റിലേക്ക് പുറപ്പെട്ടത്.
2019ല്‍ പരമ്പരാഗത ബ്രീഫ്‌കെയ്‌സ് ഒഴിവാക്കിയ നിര്‍മല ചുവന്ന പട്ടില്‍ പൊതിഞ്ഞാണു ബജറ്റ് രേഖകള്‍ കൊണ്ടുവന്നത്. കഴിഞ്ഞ വര്‍ഷവും അതേ രീതി പിന്തുടര്‍ന്നു. ബ്രിട്ടീഷ് രീതി മാറ്റാനുള്ള സമയമായെന്നും നിര്‍മല പ്രതികരിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തിലാണ് ഇക്കുറി പേപ്പര്‍രഹിത ബജറ്റ് അവതരിപ്പിക്കാന്‍ തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാണിതെന്നും അധികൃതര്‍ വിശദീകരിക്കുന്നത്. ബജറ്റ് രേഖകള്‍ എളുപ്പത്തില്‍ ലഭിക്കാനായി ഇക്കുറി ‘യൂണിയന്‍ ബജറ്റ് മൊബൈല്‍ ആപ്പും’ ധനമന്ത്രി സജ്ജമാക്കിയിട്ടുണ്ട്.