തിരുവല്ല : ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഗോഡൗണുകളിൽ സംഭരിച്ച് വിതരണം ചെയ്തു വന്നിരുന്ന അരി ഇനിമുതൽ സംസ്ഥാന ഏജൻസികൾക്ക് നൽകേണ്ടതില്ലെന്ന കേന്ദ്ര തീരുമാനം അടിയന്തിരമായി പുന പരിശോധിക്കണമെന്ന് കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം പുതുശ്ശേരി ആവശ്യപ്പെട്ടു. എഫ്.സി. ഐ യുടെ പക്കൽ സ്റ്റോക്കുള്ള മുഴുവൻ അരിയും കേന്ദ്ര ഏജൻസികളായ നാഫെഡ്, കേന്ദ്രീയ ഭണ്ടാർ, ദേശീയ സഹകരണ കൺസ്യൂമർ ഫെഡറേഷൻ എന്നീ കേന്ദ്ര ഏജൻസികൾക്ക് കൈമാറണമെന്നാണ് കേന്ദ്ര ഭക്ഷ്യ മന്ത്രാലയം നൽകിയിരിക്കുന്ന നിർദ്ദേശം. കേരളത്തിലെ റേഷനിങ് സംവിധാനത്തിന്റെ താഴ് വേര് മുറിക്കുന്ന നടപടിയാണിത്.
നിലവിലെ രീതി അനുസരിച്ച് സംഭരിക്കപ്പെടുന്ന അരിക്ക് കേന്ദ്രം ടെൻഡർ ക്ഷണിക്കുമ്പോൾ സപ്ലൈകോ അടക്കം പങ്കെടുത്ത് അരി വാങ്ങിയിരുന്നു. സപ്ലൈകോ അങ്ങനെ 24 രൂപയ്ക്കു വാങ്ങുന്ന അരിയാണ് വെള്ള അരി ഒരു രൂപ കുറച്ച് 23 രൂപയ്ക്കും ചുവന്ന അരി 24 രൂപയ്ക്കും ഇപ്പോൾ നൽകുന്നത്. പുതിയ നിർദ്ദേശപ്രകാരം സപ്ലൈകോയ്ക്ക് വിലക്ക് വരുന്നതോടെ ഇങ്ങനെ അരി വാങ്ങാൻ കഴിയില്ല. എഫ്.സി.ഐ സബ്സിഡിയോടെ 18.59 രൂപയ്ക്ക് കേന്ദ്ര ഏജൻസികൾക്ക് അരി കൈ മാറണം. അവർ 29 രൂപയ്ക്ക് ഭാരത് ബ്രാൻഡായി വിൽക്കുകയും വേണം. സപ്ലൈകോ കേന്ദ്ര ഏജൻസികളിൽ നിന്ന് വാങ്ങാൻ നിർബന്ധിതമാകുമ്പോൾ ഈ വില നൽകേണ്ടി വരികയും അത് അരിവിലയിൽ ക്രമാതീതമായ വർദ്ധനവ് ഉണ്ടാക്കുകയും ചെയ്യും.
സപ്ലൈകോ അടക്കമുള്ള സംസ്ഥാന സർക്കാർ ഏജൻസികൾക്ക് പഴയതുപോലെ എഫ്. സി. ഐ യിൽ നിന്ന് വാങ്ങാൻ കഴിഞ്ഞാൽ പുതിയ സബ്സിഡി നിരക്കായ 18.59 വാങ്ങാനും അതുവഴി ഇപ്പോഴത്തെക്കാൾ കുറഞ്ഞ വിലയ്ക്ക് വിൽക്കാനും കഴിയും.
പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് കൈകൊണ്ടിരിക്കുന്ന പുതിയ തീരുമാനവും ഭാരത് അരിവിതരണവും കേരളത്തിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന റേഷനിങ് സംവിധാനത്തെ തകർക്കുന്നതും പാവപ്പെട്ടവന്റെ പള്ളക്കടിക്കുന്നതുമാണെന്ന് പുതുശേരി പറഞ്ഞു.