തിരുവനന്തപുരം : കേരളത്തിലെ ബി.ജെ.പി യിലെ വിഭാഗീതയത ഉടന്‍ അവസാനിപ്പിക്കണമെന്ന് കേന്ദ്ര നേതൃത്വത്തിന്റെ സന്ദേശം. സംസ്ഥാന അധ്യക്ഷന്‍ മാറേണ്ടതില്ലെന്ന് യോഗത്തില്‍ പറഞ്ഞെങ്കിലും ഏകപക്ഷീയ തീരുമാനങ്ങള്‍ പാടില്ലെന്ന് ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍ സന്തോഷ് വ്യക്തമാക്കി. സ്വയം ഉയരുകയല്ല എല്ലാവരെയും ഒരുമിച്ച് ഉയര്‍ത്തിയെടുക്കുകയാണ് വേണ്ടതെന്നും സംസ്ഥാന നേതൃയോഗത്തില്‍ അദ്ദേഹം പറഞ്ഞു.
കെ.സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായ ശേഷം വരുത്തിയ മാറ്റങ്ങളെയും രണ്ടുദിവസമായി ചേര്‍ന്ന നേതൃയോഗത്തിൽ അദ്ദേഹം പരോക്ഷമായി വിമര്‍ശിച്ചു. നേതാക്കള്‍ മാറുമെങ്കിലും പാര്‍ട്ടി സംവിധാനങ്ങള്‍ തുടര്‍ച്ചയാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. മുന്‍പ് ദേശീയ അധ്യക്ഷന്മാര്‍ മാറിവന്നപ്പോഴും വേദ് പ്രകാശ് ഗോയല്‍ ട്രഷറർ ആയി ദീര്‍ഘനാള്‍ തുടര്‍ന്നു. ദേശീയ അധ്യക്ഷനായി അമിത് ഷായ്ക്കുപകരം ജെ.പി നഡ്ഡ വന്നെങ്കിലും ഓഫിസ് സെക്രട്ടറിയെ മാറ്റിയില്ല. ഐടി സെല്‍ കണ്‍വീനര്‍ അമിത് മാളവ്യ വര്‍ഷങ്ങളായി ആ സ്ഥാനത്ത് തുടരുന്നു ഈ ഉദാഹരണങ്ങളൊക്കെ അദ്ദേഹം എടുത്തുകാട്ടി.
സംസ്ഥാന സമിതി പുനഃസംഘടിപ്പിച്ചപ്പോള്‍ കെ.സുരേന്ദ്രനോട് കൂറുകാണിക്കുന്നവര്‍ക്ക് പ്രമുഖ സ്ഥാനങ്ങള്‍ നല്‍കിയത് എതിര്‍പക്ഷത്തിന്റെ എതിര്‍പ്പിന് ഇടയാക്കിയിരുന്നു. മുരളീധര വിരുദ്ധപക്ഷ നേതാക്കളായ സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍ രാധാകൃഷ്ണനും ജനറല്‍ സെക്രട്ടറി എം.ടി രമേശും യോഗങ്ങളില്‍ പങ്കെടുക്കാത്തതിനെയും സന്തോഷ് വിമര്‍ശിച്ചു.
തിരഞ്ഞെടുപ്പിന് ശേഷം ഉയര്‍ന്ന വിവാദങ്ങള്‍ ആദര്‍ശാത്മക പാര്‍ട്ടിക്ക് യോജിച്ചതല്ല. തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം സംസ്ഥാന അധ്യക്ഷന് മാത്രമല്ലെന്നു പറഞ്ഞ അദ്ദേഹം, 18 മാസമാണ് ഇനി ഈ സമിതിയുടെ കാലവധിയെന്നും ഓര്‍മിപ്പിച്ചു. പുതിയ തലമുറയെ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവരേണ്ട ഉത്തരവാദിത്തം ഇപ്പോഴത്തെ നേതൃത്വത്തിനുണ്ടെന്നും വിഭാഗീയമായ വികാരം ഉണ്ടാകരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പി.പി മുകുന്ദന്‍ അയച്ച കത്ത് എല്ലാമാധ്യമങ്ങള്‍ക്കും കിട്ടി. തനിക്ക് മാത്രം കിട്ടിയില്ലെന്നും സന്തോഷ് പറഞ്ഞു. ഈ രീതി ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.