ന്യൂഡൽഹി: പ്രമുഖ പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ എൽഐസിയിലുള്ള ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയതായി റിപ്പോർട്ട്. ഓഫർ ഫോർ സെയിൽ മാതൃകയിൽ ഓഹരികൾ വിറ്റഴിക്കാനാണ് കേന്ദ്രസർക്കാർ അനുമതി നൽകിയത്. നിലവിൽ എൽഐസിയിൽ കേന്ദ്രസർക്കാരിന് 96.5 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉള്ളത്. ഇതിൽ എത്ര ശതമാനം ഓഹരികൾ വിറ്റഴിക്കും എന്നതിനെ സംബന്ധിച്ചുള്ള കണക്കുകൾ പുറത്തുവന്നിട്ടില്ല. നടപ്പു സാമ്പത്തിക വർഷത്തെ സർക്കാരിന്റെ ഓഹരി വിറ്റഴിക്കൽ ലക്ഷ്യം കൈവരിക്കുക എന്നതിനെ അടിസ്ഥാനമാക്കിയാണ് നീക്കം. കൂടാതെ ഇൻഷുറൻസ് ഭീമനായ എൽഐസിയുടെ മൂല്യം വർധിപ്പിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.
നിലവിൽ കമ്പനിയുടെ വിപണി മൂല്യം 6 ലക്ഷം കോടി രൂപയോളമാണ്. ഒരു ശതമാനം ഓഹരി വിൽപ്പന പോലും സർക്കാരിന് 6,000 കോടി രൂപ വരെ നേടാൻ സഹായകമാകുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഇത് യാഥാർഥ്യമായാൽ ഈ സാമ്പത്തിക വർഷത്തെ സർക്കാരിന്റെ ഓഹരി വിറ്റഴിക്കൽ പദ്ധതിയിലെ പ്രധാന ഇടപാടുകളിൽ ഒന്നായി ഇത് മാറുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സെബിയുടെ ഏറ്റവും കുറഞ്ഞ പൊതുജന ഓഹരി പങ്കാളിത്ത മാനദണ്ഡങ്ങൾ പാലിക്കുന്നതിനും മറ്റുമായി രണ്ട് വർഷത്തിനുള്ളിൽ കമ്പനിയുടെ 6.5 ശതമാനം ഓഹരികൾ പല ഘട്ടങ്ങളിലായി വിൽക്കാനാണ് സർക്കാർ പദ്ധതിയിടുന്നത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.