ഡല്‍ഹി : കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജ്യത്തെ വാഹന വ്യവസായം വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നത്. തുടക്കത്തിലെ ഉണ്ടായ മാന്ദ്യവും പിന്നാലെ വന്ന കൊവിഡും ലോക്ക്ഡൗണും എല്ലാം ഈ വിഭാഗത്തിന്റെ നടുവൊടിച്ചെന്ന് വേണം പറയാന്‍. ഈ മേഖലയെ കരകയറ്റികൊണ്ടുവരാനുള്ള പദ്ധതികളൊരുക്കുകയാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി വില്‍പ്പന വര്‍ധിപ്പിക്കുന്നതിനും നികുതി കുറയ്ക്കാനുമുള്ള ആലോചനയിലാണ് കേന്ദ്ര സര്‍ക്കാര്‍.
വര്‍ഷങ്ങളായി തുടരുന്ന നമ്മുടെ രാജ്യത്തെ വാഹന വിപണിയിലെ വിവിധ വിഭാഗങ്ങളിലുടനീളമുള്ള ഒന്നിലധികം വര്‍ഷത്തെ വില്‍പ്പന മാന്ദ്യത്തെ തുടര്‍ന്നാണ് നികുതി കുറയ്ക്കല്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. വാഹന വില്‍പ്പന വര്‍ധിപ്പിക്കാന്‍ ഈ നീക്കം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു. അങ്ങനെ വാഹന വ്യവസായത്തെ ഒരുപരിധി വരെ നിലവിലെ മാന്ദ്യത്തില്‍ നിന്ന് കരകയറ്റാമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളെ അപേക്ഷിച്ച് വാഹനങ്ങള്‍ക്ക് ഇപ്പോള്‍ വില കൂടുതലായിരിക്കുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഈ വര്‍ഷം മാത്രം വിവിധ നിര്‍മ്മാതാക്കളുടെ ഒന്നിലധികം തവണ വില വര്‍ധന നടപ്പാക്കി രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു. അതിന്റെ ഏറ്റവും വലിയ കാരണങ്ങള്‍ അസംസ്‌കൃത വസ്തുക്കളുടെയും ഗതാഗതത്തിന്റെയും വര്‍ധിച്ചുവരുന്ന ചെലവുകളാണെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. രണ്ടാമത്തേത് ഇന്ധന വിലയെ സാരമായി ബാധിക്കുന്നുവെന്നും വേണം പറയാന്‍.
സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സിന്റെ (SIAM) 61 -ാമത് വാര്‍ഷിക യോഗത്തില്‍, ”ഈ ഘട്ടത്തില്‍ നിരക്കുകള്‍ കുറയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല, എന്നാല്‍ ചിലത് പ്രോത്സാഹിപ്പിക്കാന്‍ വിപണിയില്‍ തങ്ങള്‍ക്ക് എന്തുചെയ്യാനാകുമെന്നതില്‍ സന്തോഷമുണ്ടെന്ന് റവന്യൂ സെക്രട്ടറി തരുണ്‍ ബജാജിനെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തതിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് സമീപ വര്‍ഷങ്ങളിലെ കാര്‍ വില വര്‍ധനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ബജാജ് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു
ചെറിയ കാറുകളുടെ വില്‍പ്പന കുറയുന്നതിനിടയില്‍, സമീപകാലത്ത് ഇന്ത്യന്‍ കാര്‍ വിപണിയില്‍ എസ്‌യുവികളുടെ വില്‍പ്പന ശക്തമായി വളരുകയാണെന്നും റവന്യൂ സെക്രട്ടറി വ്യക്തമാക്കി. ചെറിയ കാറുകളുടെ ജിഎസ്ടി 28 ശതമാനത്തില്‍ കുറവാണെങ്കിലും എസ്‌യുവികള്‍ക്ക് ഉയര്‍ന്ന ജിഎസ്ടിയും അധിക സെസും ഈടാക്കുന്നു. പകര്‍ച്ചവ്യാധിയുടെ രണ്ട് വിനാശകരമായ തരംഗങ്ങള്‍ക്ക് ശേഷം നികുതി കുറയ്ക്കുന്നത് വിപണിയെ വീണ്ടെടുക്കാന്‍ സഹായിക്കുമെന്ന് ടൊയോട്ട വക്താവ് വിക്രം ഗുലാത്തി പറഞ്ഞു. നികുതികള്‍ വളരെ ഉയര്‍ന്നതാണെന്ന് ചിലര്‍ വിശ്വസിക്കുന്നു, രാജ്യത്ത് കുറഞ്ഞ വരുമാനമുള്ളതിനാല്‍ താങ്ങാനാവുന്ന വിലയെ അത്തരം ഉയര്‍ന്ന നികുതികള്‍ ബാധിക്കുമെന്നാണ് മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവ പറഞ്ഞത്.
ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍, യുഎസ് മുതലായവയ്ക്ക് നികുതികള്‍ ഗണ്യമായി കുറവാണെന്നും അദ്ദേഹം പ്രസ്താവിച്ചു. കൊവിഡ് മഹാമാരി ഇന്ത്യന്‍ വാഹന വ്യവസായത്തെ സാരമായി ബാധിച്ചിട്ടുണ്ടെങ്കിലും വിപണി മാന്ദ്യം അതിന് മുമ്പേ തന്നെ ആരംഭിച്ചിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. വാഹന വില്‍പ്പന കുറയുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ 2019 ന്റെ ആദ്യ പകുതിയില്‍ ഇതിനകം തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അതേസമയം ഡീസല്‍ കാറുകളുടെ വില്‍പ്പന അവസാനിപ്പിക്കണമെന്ന് കാര്‍ നിര്‍മ്മാതാക്കളോട് അഭ്യര്‍ത്ഥിച്ച് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി അടുത്തിടെയാണ് രംഗത്തെത്തിയത്. ഇത്തരം വാഹനങ്ങളുടെ വില്‍പ്പന അവസാനിപ്പിക്കണമെന്നും വാഹന മലിനീകരണം കുറയ്ക്കുന്നതിന് മറ്റ് സാങ്കേതികവിദ്യകള്‍ പ്രോത്സാഹിപ്പിക്കണമെന്നുമായിരുന്നു അദ്ദേഹം നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടത്.
ഡീസല്‍ അധിഷ്ഠിതമായ മലിനീകരണം പരിസ്ഥിതിക്കും മനുഷ്യന്റെ ആരോഗ്യത്തിനും അങ്ങേയറ്റം അപകടകരമാണെന്നായിരുന്നു ഗഡ്കരി SIAM സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ വ്യക്തമാക്കിയത്. ഫ്ലെക്സ്-ഇന്ധന എഞ്ചിനുകള്‍ അവതരിപ്പിക്കാനുള്ള ആവശ്യങ്ങളും അടുത്തിടെ ഗഡ്കരി വ്യക്തമാക്കിയിരുന്നു. മലിനീകരണം പരമാവധി കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഉപഭോക്താക്കള്‍ക്ക് 100 ശതമാനം പെട്രോള്‍ അല്ലെങ്കില്‍ 100 ശതമാനം ബയോ-എഥനോള്‍ ഉപയോഗിച്ച് വാഹനം ഓടിക്കാനുള്ള സൗകര്യം നല്‍കുന്ന ഫ്ലെക്സ് എഞ്ചിനുകള്‍ ഉപയോഗിച്ച് വാഹനങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ സര്‍ക്കാരും പ്രതിജ്ഞാബദ്ധമാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
ബ്രസീല്‍, യുഎസ് തുടങ്ങിയ രാജ്യങ്ങള്‍ ഫ്ലെക്സ്-ഇന്ധന വാഹനങ്ങള്‍ നിലവില്‍ ഉപയോഗിക്കുന്നുണ്ട്. 2008 മുതല്‍ ഇന്ത്യയിലും പെട്രോളില്‍ 10 ശതമാനം എഥനോള്‍ മിശ്രിതം അനുവദനീയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിന്റെ ലഭ്യത കുറവ് കണക്കിലെടുത്ത് 6 ശതമാനത്തില്‍ താഴെ മാത്രമാണ് ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വരും നാളുകളില്‍ ഇത്തരത്തിലുള്ള ഇതര ഇന്ധന മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഇത്തരത്തില്‍ മലിനീകരണം കുറയ്ക്കുകയാണ് ഇതിലൂടെ പദ്ധതിയിടുന്നതെന്നും അദ്ദേഹം അന്ന നടന്ന പരിപാടിയില്‍ വ്യക്തമാക്കിയിരുന്നു. വാഹന മലിനീകരണം കുറയ്ക്കുക മാത്രമല്ല, ഇതിന്റെ മറ്റൊരു പ്രയോജനം എന്തെന്ന് ചോദിച്ചാല്‍, വില കൂടിയ ഇന്ധന ഇറക്കുമതി കുറയ്ക്കാനുമുള്ള ഒരു മാര്‍ഗ്ഗമായും ഇതിനെ കാണാം എന്നുള്ളതാണ്.