ന്യൂഡൽഹി : പാകിസ്താന്റെ വ്യോമമേഖല ഒഴിവാക്കിയ പശ്ചാത്തലത്തിൽ റൂട്ടുമാറ്റത്തെക്കുറിച്ചും സമയത്തെക്കുറിച്ചും യാത്രക്കാരെ കൃത്യമായി അറിയിക്കണമെന്ന് വിമാനക്കമ്പനികളോട് കേന്ദ്രസർക്കാർ. ആശയവിനിമയം സുതാര്യമായിരിക്കണമെന്നും കൂടുതൽസമയത്തെ യാത്രയ്ക്കായി വിമാനങ്ങളിൽ ഭക്ഷണമടക്കം കരുതലെടുക്കണമെന്നും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മാർഗനിർദേശം പുറത്തിറക്കി. യാത്രികരുടെ സുരക്ഷയും സൗകര്യവും പരിഗണിച്ചാണിത്. യാത്രാസമയം നീളുമെങ്കിൽ അക്കാര്യവും യാത്രയ്ക്കിടയിൽ എവിടെയെങ്കിലും നിർത്തുന്നുണ്ടെങ്കിൽ അതും യാത്രക്കാരെ അറിയിക്കണം.
ഇക്കാര്യങ്ങൾ ചെക് ഇൻ, ബോർഡിങ് സമയങ്ങളിൽ അറിയിക്കുന്നതിനുപുറമേ ഡിജിറ്റൽ അലർട്ടുകളും നൽകണം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇതുതുടരണം. നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയാൽ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര യാത്രകളിൽ അടിയന്തരമായി നിർദേശങ്ങൾ നടപ്പാക്കാനും ആവശ്യപ്പെട്ടു. കഴിഞ്ഞദിവസമാണ് ഇന്ത്യൻ വിമാനക്കമ്പനികൾക്ക് പാകിസ്താൻ വ്യോമപാത നിഷേധിച്ചത്.
മറ്റുനിർദേശങ്ങൾ
- യാത്രയിൽ ആവശ്യമായ ഭക്ഷണവും വെള്ളവും കണക്കാക്കി കാറ്ററിങ് സർവീസിൽ മാറ്റംവരുത്തണം.
- വിമാനത്തിൽ അവശ്യമരുന്നുകളുണ്ടാകണം.
- സാങ്കേതികകാരണങ്ങളാൽ നിർത്താനിടയിലുള്ള വിമാനത്താവളങ്ങളിൽ വൈദ്യസഹായം ഉറപ്പാക്കണം.
- യാത്രസംബന്ധിച്ച കാര്യങ്ങൾക്ക് കോൾസെന്ററുകളും ഉപഭോക്തൃസേവനകേന്ദ്രങ്ങളും സജ്ജമാക്കണം