ബേപ്പൂർ : സ്രാവുകളുടെ സംരക്ഷണവും കൈകാര്യവും ലക്ഷ്യമിട്ടുള്ള ദേശീയ സ്രാവ് സംരക്ഷണ കർമപദ്ധതി (എൻ.പി.ഒ.എ) നടപ്പാക്കാനൊരുങ്ങി കേന്ദ്രം. കേന്ദ്ര ഫിഷറീസ് മന്ത്രാലയവും ബേ ഓഫ് ബംഗാൾ പ്രോഗ്രാം ഇന്റർ ഗവൺമെന്റൽ ഓർഗനൈസേഷനുമായി (ബി.ഒ.ബി.പി) ചേർന്ന് കർമപദ്ധതിയുടെ കരട് തയാറാക്കി. ഇന്ത്യൻ സമുദ്രാതിർത്തിയിലെ സ്രാവ് സമ്പത്ത് ഫലപ്രദമായി കൈകാര്യംചെയ്യുന്നതിനും സംരക്ഷിക്കുന്നതിനും പ്രധാന മുൻഗണന നൽകുന്നതാണ് പദ്ധതി.
സ്രാവുപിടിത്തത്തിൽ നിയന്ത്രണം, നിയമപരിരക്ഷ, വിവരസമാഹരണം, ജൈവവൈവിധ്യ-പാരിസ്ഥിതിക മുൻകരുതലുകൾ തുടങ്ങിയ നിർദേശങ്ങളാണ് കർമപദ്ധതിയിൽ പരാമർശിക്കുന്നത്. കടലിൽ 12 മുതൽ 200 നോട്ടിക്കൽ മൈൽ വരെയുള്ള പ്രദേശത്ത് നിയമനിർമാണം, ലോഗ് ബുക്ക് സംവിധാനം നടപ്പാക്കൽ, മത്സ്യത്തൊഴിലാളികൾക്കിടയിൽ ബോധവത്കരണം, മത്സ്യബന്ധനരീതികളിൽ നിയന്ത്രണം പാലിക്കാൻ മീൻപിടിത്ത തൊഴിലാളികളെ പ്രോത്സാഹിപ്പിക്കൽ തുടങ്ങി നിരവധി നിർദേശങ്ങളടങ്ങുന്നതാണ് ദേശീയ സ്രാവ് സംരക്ഷണ കർമപദ്ധതി.