ന്യൂഡല്‍ഹി : അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സമാകുന്ന നിയന്ത്രണങ്ങളില്‍ ആശങ്കയറിയിച്ച ട്വിറ്ററിന് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍. വളഞ്ഞ് മൂക്കുപിടിക്കുന്നത് അവസാനിപ്പിക്കൂവെന്നും ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് പകരം രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കൂവെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
നയരൂപീകരണവും നിയമങ്ങളുണ്ടാക്കുന്നതും രാജ്യത്തിന്റെ പരമാധികാരമാണ്. ട്വിറ്റര്‍ ഒരു സാമൂഹിക മാധ്യമം മാത്രമാണ്. ഇന്ത്യയുടെ നയങ്ങള്‍ എങ്ങനെയായിരിക്കണമെന്ന് നിര്‍ദേശിക്കാന്‍ ട്വിറ്ററിന് യാതൊരു അവകാശവുമില്ലെന്ന് കേന്ദ്ര ഇലക്‌ട്രോണിക്സ് ആന്‍ഡ് ഐ.ടി വകുപ്പ് പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറയുന്നു. ട്വിറ്ററിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുക ലക്ഷ്യമിട്ടുള്ളതാണെന്നും കേന്ദ്ര സര്‍ക്കാര്‍ ആരോപിക്കുന്നു.
നൂറ്റാണ്ടുകള്‍ മുമ്പേ അഭിപ്രായ സ്വാതന്ത്രത്തിന്റെയും ജനാധിപത്യത്തിന്റെയും പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ. അഭിപ്രായ സ്വാതന്ത്ര്യം എന്നത് ട്വിറ്റര്‍ പോലെ ലാഭത്തിനായി പ്രവര്‍ത്തിക്കുന്ന, വിദേശ, സ്വകാര്യ സ്ഥാപനത്തിന്റെ വിശേഷാധികാരമല്ല, അത് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രതിബദ്ധതയാണ് – പ്രസ്താവനയില്‍ പറയുന്നു.
പുതിയ ഡിജിറ്റല്‍ നിയമങ്ങള്‍ നടപ്പാക്കിയതിന്റെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് സമൂഹമാധ്യമങ്ങളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ട്വിറ്റര്‍ തങ്ങളുടെ ആശങ്ക അറിയിച്ചത്. ‘ഇന്ത്യയിലെ ഞങ്ങളുടെ ജീവനക്കാരെ സംബന്ധിച്ച സമീപകാല സംഭവങ്ങളിലും, ഞങ്ങള്‍ സേവനം നല്‍കുന്ന ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളിയിലും ഞങ്ങള്‍ ആശങ്കാകുലരാണ്. ട്വിറ്ററിന്റെ ആഗോള സേവന നിബന്ധനകള്‍ നടപ്പിലാക്കുന്നതിനെതിരേ പോലീസ് ഭയപ്പെടുത്തല്‍ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നതിലും ഐടി നിയമത്തിലെ പ്രധാനഘടകങ്ങള്‍ സംബന്ധിച്ചും ഞങ്ങള്‍ക്ക് ആശങ്കയുണ്ട്’ – ട്വിറ്റര്‍ വ്യക്തമാക്കി.
ഫെബ്രുവരിയിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ ഡിജിറ്റല്‍ നിയമങ്ങള്‍ കൊണ്ടുവന്നത്. ഇത് നടപ്പാക്കാന്‍ സമൂഹമാധ്യമങ്ങള്‍ മൂന്ന് മാസത്തെ സമയം ചോദിക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച സമയം കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. തുടര്‍ന്നാണ് ഇക്കാര്യത്തിലെ പുരോഗതി അറിയിക്കാന്‍ ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസയച്ചത്.