ന്യൂഡല്‍ഹി : കൊറോണ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്‍ വിതരണം സുഗമമാക്കാന്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. ഓക്‌സിജനുമായി പോകുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തരുതെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവു പുറപ്പെടുവിച്ചു.
നിവലിലെ സാഹചര്യത്തില്‍ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തേണ്ടത് ആവശ്യമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. അതിനാല്‍ ഓക്‌സിജന്‍ വിതരണം ചെയ്യുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തരുത്. ഓക്‌സിജനുമായി പോകുന്ന വാഹനങ്ങള്‍ സംസ്ഥാനങ്ങളോ കേന്ദ്ര ഭരണ പ്രദേശങ്ങളോ അതിര്‍ത്തിയില്‍ തടയരുത്. ജില്ലാ അതിര്‍ത്തികളിലും വാഹനങ്ങള്‍ക്ക് നിയന്ത്രണം ഇല്ലെന്ന് ഉറപ്പുവരുത്തണം. ഓക്‌സിജന്‍ വിതരണത്തിനായി സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും മാര്‍ഗ്ഗ രേഖ തയ്യാറാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
കൊറോണ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഓക്‌സിജന്‍ ക്ഷാമം നേരിടുന്നുണ്ട്. ഇതിനിടെ ഓക്‌സിജനുമായി എത്തുന്ന വാഹനങ്ങള്‍ അതിര്‍ത്തിയില്‍ തടയുന്നതായി ചില സംസ്ഥാനങ്ങള്‍ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഓക്‌സിജനുമായി പോകുന്ന വാഹനങ്ങള്‍ തടയരുതെന്ന് കേന്ദ്രം ഉത്തരവിട്ടത്.
നേരത്തെ ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഓക്‌സിജന്‍ വിതരണം ചെയ്യുന്നതിന് കേന്ദ്രം വിലക്കേര്‍പ്പെടുത്തിയിരുന്നു.