തിരുവനന്തപുരം : ജില്ലയിലെ പ്രധാന ജയിലായ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഇനി മുതല്‍ തടവുകാരെ കാണാനെത്തുന്നവര്‍ക്ക് മാതൃകാ സന്ദര്‍ശന കൂടിക്കാഴ്‌ചാ കേന്ദ്രവും. ജയില്‍ അന്തേവാസികളെ സന്ദര്‍ശിക്കാനെത്തുന്ന ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും അഭിഭാഷകര്‍ക്കും മറ്റും വിശ്രമിക്കാന്‍ മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ സന്ദര്‍ശക മുറിയില്‍ ഒരുക്കിയിട്ടുണ്ട്. സന്ദര്‍ശക കൂടിക്കാഴ്‌ചാ കേന്ദ്രവും ആധുനിക ആശയ വിനിമയ സംവിധാനവും കേരളത്തിലെ മറ്റെല്ലാ ജയിലുകള്‍ക്കും ഒരു മാതൃകയായി മാറുമെന്നാണ് ജയില്‍ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
2017 -18 സാമ്പത്തിക വര്‍ഷത്തെ തടവുകാരുടെ ക്ഷേമ വാര്‍ഷിക പദ്ധതി പ്രകാരം അനുവദിച്ച 42 ലക്ഷം രൂപ വിനിയോഗിച്ചാണ് ജയിലില്‍ മാതൃകാ സന്ദര്‍ശക കൂടിക്കാഴ്ച കേന്ദ്രം നിര്‍മ്മിച്ചത്. പൊതുമരാമത്ത് വകുപ്പിനായിരുന്നു നിര്‍മ്മാണച്ചുമതല. സി.സി.ടി.വി നിരീക്ഷണ സംവിധാനവും കോഫി – ടീ വെന്‍ഡിംഗ് മെഷീനും ശീതീകരിച്ച സന്ദര്‍ശക മുറിയില്‍ സ്ഥാപിച്ചിട്ടുണ്ട്.
മനുഷ്യാവകാശങ്ങളും തടവുകാരുടെ അവകാശങ്ങളും മറ്റും പ്രതിപാദിക്കുന്ന അന്താരാഷ്ട്ര പ്രമാണങ്ങളും കോടതി ഉത്തരവുകളുടെ അന്തസത്തയും ഉള്‍കൊണ്ടും തടവുകാരുടെ അന്തസ്സും മാന്യതയും സ്വകാര്യതയും മാനിച്ചു കൊണ്ട് സുതാര്യവും സുരക്ഷിതവുമായ സന്ദര്‍ശക കൂടിക്കാഴ്‌ച തടവുകാര്‍ക്കു ഉറപ്പു വരുത്തുന്നതിന് 10 ഗ്ലാസ് ക്യൂബിക്കിളുകള്‍ ഒരുക്കിയിട്ടുണ്ട്. ആധുനിക ആശയ വിനിമയ സംവിധാനം (വിസിറ്റര്‍ കമ്മ്യൂണിക്കേഷന്‍ സിസ്‌റ്റം) സ്ഥാപിക്കുന്നതിന് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 1,69,632 രൂപ വിനിയോഗിച്ചിട്ടുണ്ട്.
2017 -18 സാമ്പത്തിക വര്‍ഷത്തെ തടവുകാരുടെ ക്ഷേമവാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 16 ലക്ഷം രൂപ വിനിയോഗിച്ച് പൊതുമരാമത്ത് വകുപ്പ് പൗള്‍ട്രി ഫാം ആരംഭിക്കുന്നതിനുള്ള ഷെഡ്ഡുകളും നിര്‍മ്മിച്ചിട്ടുണ്ട്. തുടക്കത്തില്‍ 2000 കോഴികളെ ഇവിടെ വളര്‍ത്തുന്നതിന് സാധിക്കും. വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ജയില്‍ വക ഭക്ഷണ നിര്‍മ്മാണ യൂണിറ്റുകളിലേക്ക് കോഴി ഇറച്ചി വിതരണം ചെയ്യാനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
ന്യൂഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എന്‍.ഐ.സി.വികസിപ്പിച്ചെടുത്ത ഇ – പ്രിസണ്‍സ് എന്ന സോഫ്‌റ്റ്‌വെയര്‍ മുഖാന്തരം കേരളത്തിലെ ജയിലിലെ അന്തേവാസികളുടെ പ്രാഥമിക വ്യക്തി വിവരങ്ങള്‍, ഉള്‍പ്പെട്ടിരിക്കുന്ന കേസുകളുടെ വിശദാംശങ്ങള്‍, നല്‍കിയിട്ടുള്ള ശിക്ഷായിളവ്, പരോള്‍ വിവരങ്ങള്‍, ഫയല്‍ ചെയ്തിട്ടുള്ള ക്രിമിനല്‍ അപ്പീല്‍ സംബന്ധിച്ച വിവരങ്ങള്‍, ആര്‍ജ്ജിച്ച വേതനം, കോടതിയില്‍ ഹാജരാക്കേണ്ടത്, ബന്ധുക്കളുമായുള്ള കൂടിക്കാഴ്‌ചയുടെ വിവരങ്ങള്‍ തുടങ്ങിയവ ശേഖരിച്ച് 2015 മുതല്‍ ജയിലില്‍ ഭരണ നിര്‍വഹണത്തിന് ഉപയോഗിച്ച് വരുന്നു.
നിലവില്‍ തടവുകാര്‍ക്ക് തങ്ങളുടെ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ നിശ്ചിത സമയത്ത് ഓഫീസില്‍ നേരിട്ട് ഹാജരായി മനസിലാക്കേണ്ട സ്ഥിതിയാണ്. തടവുകാരുടെ ബാഹുല്യവും ഉദ്യോഗസ്ഥരുടെ അപര്യാപ്തതയും തന്മൂലം നിലവിലുള്ള ഉദ്യോഗസ്ഥരുടെ കൃത്യാന്തര ബാഹുല്യവും തടവുകാര്‍ തങ്ങളുടെ ജോലികളില്‍ വ്യാപൃതരാകുന്നതിനാലും പ്രവൃത്തി സമയത്ത് ഓഫീസില്‍ നേരിട്ട് ഹാജരായി വിവരങ്ങള്‍ അറിയുന്നതിന് സ്വാഭാവികമായും കാലതാമസമുണ്ടാകുന്നുണ്ട്. ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും തടവുകാര്‍ക്ക് യഥാസമയം വിവരങ്ങള്‍ അറിയുന്നതിനുമാണ് ജയിലുകളില്‍ ഇ-പ്രിസണ്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുവാന്‍ ജയില്‍ വകുപ്പ് തീരുമാനിച്ചത്.
പ്രാഥമിക ഘട്ടത്തില്‍ തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ കിയോസ്‌ക് സ്ഥാപിച്ചിട്ടുണ്ട്. ബയോമെട്രിക് സംവിധാനത്തിലുള്ള കിയോസ്‌കുകളില്‍ നിന്ന് തടവുകാര്‍ക്കു വിരല്‍ തുമ്പില്‍ വിവരങ്ങള്‍ ലഭ്യമാകും. അതുകൊണ്ടു തന്നെ തങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ മറ്റ് അന്തേവാസികള്‍ക് ശേഖരിക്കാനും കഴിയില്ല. കൂടാതെ തങ്ങളുടെ പരാതികള്‍ ബോധിപ്പിക്കുന്നതിനുള്ള സൗകര്യവും കിയോസ്‌കില്‍ ലഭ്യമാണ്.