ന്യൂഡല്‍ഹി : ഉഷ്‌ണ തരംഗ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ താപനില അതിരൂക്ഷമായതോടെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പശ്ചിമ ബംഗാളിലെ ബംഗുര, പുരുലിയ, ജാര്‍ഗം തുടങ്ങിയ ജില്ലകളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നു. ഉത്തരേന്ത്യയിലെ അതി കഠിന ചൂട് തെക്കന്‍ സംസ്ഥാനങ്ങളിലും പ്രഭാവം തീര്‍ക്കുകയാണ്. കേരളത്തില്‍ 32 ഡിഗ്രി സെല്‍ഷ്യസാണ് നിലവിലെ താപനില.
ഒരു പ്രദേശത്തെ കൂടിയ താപനില 40 ഡിഗ്രി സെല്‍ഷ്യസില്‍ നിന്നും കൂടുകയോ ശരാശരി താപനിലയില്‍ 5 ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധനവോ രേഖപ്പെടുത്തുന്ന സാഹചര്യമാണ് ഉഷ്‌ണ തരംഗം. കേരളത്തില്‍ 2012ലും 2016ലും ഉഷ്‌ണ തരംഗം കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഉഷ്‌ണ തരംഗം മൂലമുണ്ടാകുന്ന താപവ്യതിയാനം സൂര്യാഘാതം, സൂര്യാതപം എന്നിവയ്ക്ക് കാരണമാവും. കടുത്ത ചൂടിന് പുറമേ വേനല്‍മഴ കുറഞ്ഞതും ദുസ്സഹമാക്കുന്നു.