തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതും മരണനിരക്ക് കൂടുന്നതും പഠിക്കാന്‍ കേന്ദ്രസംഘം സംസ്ഥാനത്ത്. ഡോ.പി.അരവിന്ദന്‍, ഡോ.രുചി ജയിന്‍, ഡോ.പ്രണയ് വര്‍മ എന്നിവരാണ് ഇന്നലെ കേരളത്തിലെത്തിയത്. സര്‍ക്കാര്‍ ആശുപത്രികളില്‍ സംഘം പരിശോധന നടത്തി. ടെസ്റ്റിങ്, കോണ്‍ട്രാക്റ്റ് ട്രേസിങ്, കണ്ടൈന്‍മെന്റ് പ്രവര്‍ത്തനങ്ങള്‍, കിടക്കകളുടെ ലഭ്യത, വാക്‌സിനേഷന്‍ വിതരണം തുടങ്ങിയ കാര്യങ്ങളാണ് സംഘം പരിശോധിക്കുന്നത്. ഒരാഴ്ച കേരളത്തില്‍ തുടരുന്ന സംഘം എല്ലാ ദിവസവും ആരോഗ്യമന്ത്രാലയത്തിനു റിപ്പോര്‍ട്ട് നല്‍കും.
ശരാശരി 3000 കോവിഡ് കേസുകളാണ് സംസ്ഥാനത്ത് പ്രതിദിനം റിപ്പോര്‍ട്ടു ചെയ്യുന്നത്. കേസുകളുടെ എണ്ണം കുറച്ചു കൊണ്ടുവരാന്‍ സംസ്ഥാനത്തിനു കഴിഞ്ഞിട്ടില്ലെന്നാണ് കേന്ദ്ര സംഘത്തിന്റെ നിഗമനം. രോഗം ബാധിക്കുന്നവരെ നീരീക്ഷണത്തില്‍ വെയ്ക്കുന്നതിലും സമ്പര്‍ക്ക പട്ടിക തയാറാക്കുന്നതിലും വീഴ്ച വന്നതായും കേന്ദ്ര സംഘത്തിന് അഭിപ്രായമുണ്ട്. ഇതുവരെ 43,170 കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 9516 മരണങ്ങള്‍ പിന്നീട് പട്ടികയില്‍ ചേര്‍ത്തു. 2021 ജൂണ്‍ 18ന് ശേഷം ലഭിച്ച അപ്പീലുകളുടെ അടിസ്ഥാനത്തിലായിരുന്നു കൂട്ടിച്ചേര്‍ക്കല്‍. 3379 ആപ്പീലുകള്‍ പരിഗണനയിലാണ്.