ജമ്മുകാശ്മീര്‍ : ദേശിയ പൗരത്വ നിയമ ഭേദഗതിക്ക് പിന്നാലെ റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കെതിരെ പുതിയ കരുനീക്കങ്ങള്‍ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. റോഹിംഗ്യന്‍ അഭയാര്‍ഥികളെ നാടുകടത്താനാണ് സര്‍ക്കാരിന്റെ അടുത്ത നീക്കമെന്ന് പറഞ്ഞ് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് രംഗത്തെത്തിയിരിക്കുകയാണ്. പുതിയ നിയമ പ്രകാരം റോഹിംഗ്യന്‍ വംശജര്‍ക്ക് ഇന്ത്യയില്‍ പൗരത്വം നേടാന്‍ കഴിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബംഗാളില്‍ നിന്ന് നിരവധി സംസ്ഥാനങ്ങള്‍ പിന്നിട്ട് റോഹിംഗ്യകള്‍ എങ്ങനെയാണ് ജമ്മുവിന്റെ വടക്ക് ഭാഗത്തെത്തി സ്ഥിരതാമസമാക്കിയത്. ബംഗാളില്‍ നിന്നും ജമ്മുവിലേക്ക് ആരാണ് അവരുടെ ടിക്കറ്റിനായി പണമടച്ചത് തുടങ്ങിയ വിവരങ്ങളും വിദഗ്ധര്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കിയ ദിവസം തന്നെ ജമ്മു കശ്മീരില്‍ നിയമം നടപ്പാക്കി. എങ്ങനെ, എപ്പോള്‍ നടപ്പാക്കും എന്ന ചോദ്യങ്ങള്‍ ഒന്നും അവിടെ ഉണ്ടായിരുന്നില്ല. റോഹിംഗ്യകളെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ടാണ് അടുത്ത നീക്കമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. റോഹിംഗ്യകളുടെ നാടുകടത്തലിന്റെ പദ്ധതി എന്തായിരിക്കണമെന്നതില്‍ കേന്ദ്രം ആശങ്കയിലാണ്. അഭയാര്‍ഥികളുടെ ലിസ്റ്റുകള്‍ തയ്യാറാക്കും. ആവശ്യമുള്ളിടത്ത് ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കും. കൃത്യമായ നടപടിയായിരിക്കും സ്വീകരിക്കുന്നത്. പൗരത്വ ഭേദഗതി നിയമം അവര്‍ക്ക് ഒരു നേട്ടവും നല്‍കുന്നില്ല. റോഹിംഗ്യകള്‍ ആറ് മത ന്യൂനപക്ഷങ്ങളില്‍ ഉള്‍പ്പെട്ടവരല്ല. അവര്‍ മ്യാന്‍മറില്‍ നിന്ന് ഇന്ത്യയില്‍ വന്നവരാണ്. അതിനാല്‍ അവര്‍ക്ക് തിരികെ പോകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
2008 നും 2016 നും ഇടയില്‍ റോഹിംഗ്യന്‍ മുസ്ലീംങ്ങളും ബംഗ്ലാദേശ് പൗരന്മാരും ഉള്‍പ്പെടെ 13,700 ല്‍ അധികം വിദേശികള്‍ ജമ്മു, സാംബ ജില്ലകളില്‍ താമസമാക്കി. 2016 ആയപ്പോള്‍ അവരുടെ ജനസംഖ്യ 6,000 ത്തിലധികം വര്‍ദ്ധിച്ചുവെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ബി ജെ പി, ജമ്മു കശ്മീര്‍ നാഷണല്‍ പാന്തേഴ്സ് പാര്‍ട്ടി, വിശ്വ ഹിന്ദു പരിഷത്ത്, രാഷ്ട്രീയ സ്വയംസേവക സംഘം എന്നിവയും മറ്റ് പല സാമൂഹിക സംഘടനകളും റോഹിംഗ്യകളെ തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.