ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ മരിച്ച കേരള ഹൗസ് ജീവനക്കാരിയുടെ മൃതദേഹം പൊതു ദര്‍ശനത്തിന് വയ്ക്കാന്‍ സമ്മതിക്കാതെ റസിഡന്റ് കമ്മീഷണര്‍. ജീവനക്കാരുടെ പരാതിയെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കാന്‍ അനുമതി നല്‍കി. കേരള ഹൗസില്‍ പൊതുദര്‍ശനത്തിന് വയ്ക്കാന്‍ അനുവദിക്കില്ലെന്ന് റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാര്‍ പറഞ്ഞു. റസിഡന്റ് കമ്മീഷണര്‍ നേരിട്ട് ഇറങ്ങി മൃതദേഹവുമായി എത്തിയ ആംബുലന്‍സ് തടയുകയായിരുന്നു.
കാരണങ്ങളൊന്നും പറയാതെയായിരുന്നു നടപടി. മുക്കാല്‍ മണിക്കൂറോളം ആംബുലന്‍സ് തടഞ്ഞുവച്ചു. ജീവനക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് മൃതദേഹം കേരള ഹൗസിലേക്ക് കയറ്റിയത്. തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് അനുമതി നല്‍കിയത്. ഇന്നലെയാണ് ജോലി ചെയ്തുകൊണ്ടിരിക്കെ ഗീതയ്ക്ക് ഹൃദയാഘാതം ഉണ്ടായത്. കേരളാ ഹൗസില്‍ അസിസ്റ്റന്റായി ജോലി നോക്കുകയായിരുന്നു. പാലക്കാട് സ്വദേശിയാണ് ഗീത.