തിരുവല്ല : തിരുവല്ല നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലും നഗരസഭയിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലായി. തിരുവല്ല നഗരസഭയുടെ ചുമതലയില്‍ തിരുമൂലപുരത്ത് എംഡിഎം ഓഡിറ്റോറിയത്തില്‍ 80 കിടക്കകളുമായി പ്രവര്‍ത്തനം തുടങ്ങിയ സെന്റര്‍ മാത്യു ടി തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, നഗരസഭാ ചെയര്‍മാന്‍ ആര്‍. ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
മുത്തൂര്‍ ശ്രീഭദ്ര ഓഡിറ്റോറിയം, മഞ്ഞാടി ഇവാഞ്ചലിക്കല്‍ പള്ളി ഓഡിറ്റോയം, കുറ്റപ്പുഴ ജറുസലേം പള്ളി ഓഡിറ്റോറിയം, വാരിക്കാട് സെഹിയോന്‍ ഓഡിറ്റോറിയം എന്നിവിടങ്ങളിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ തുടങ്ങും. മുകളടി സ്‌കൂളില്‍ 65 കിടക്കകളുമായി നിരണം പഞ്ചായത്തിന്റെ ട്രീറ്റ്‌മെന്റ് സെന്റര്‍ 30ന് പ്രവര്‍ത്തനം തുടങ്ങും. 100 കിടക്കകളുമായി പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രി നഴ്‌സിങ് കോളജ് ഹോസ്റ്റലിലാണ് കടപ്ര പഞ്ചായത്തിലെ ട്രീറ്റ്‌മെന്റ് സെന്റര്‍ ഒരുക്കുന്നത്. തിരുവല്ല മാര്‍ത്തോമാ കോളജിന്റെ വനിതാ ഹോസ്റ്റലുകളിലാണ് നെടുമ്പ്രം പഞ്ചായത്തിന്റെ ട്രീറ്റ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ഹോസ്റ്റല്‍ കോവിഡ് കെയര്‍ സെന്ററാണ്. പെരിങ്ങരയില്‍ പെരിങ്ങര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പിഎംവി സ്‌കൂള്‍ എന്നിവിടങ്ങളാണ് സെന്റര്‍ തുടങ്ങാന്‍ പരിഗണിക്കുന്നത്.