അടിമാലി: ബൈക്കിലെത്തി വയോധികയുടെ മാല കവര്‍ന്ന സംഭവത്തില്‍ രണ്ടുപേരെ പോലീസ് പിടികൂടി. വാളറ പത്താംമൈല്‍ ലക്ഷംവീട് കാഞ്ഞിരപ്പറമ്പില്‍ കമാലുദ്ദീന് (46), പത്താംമൈല്‍ മാനംകാവില് ഹാരീസ് (38) എന്നിവരെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലിന് അടിമാലി മന്നാങ്കാല ട്രൈബല്‍ ഹോസ്റ്റലിന് സമീപം താമസിക്കുന്ന കണ്ണിക്കാട്ട് ഉണ്ണിയുടെ ഭാര്യ ലളിതയുടെ (60) നാലര പവന്റെ മാലയാണ് കവര്‍ന്നത്.
200 ഏക്കര്‍-മെഴുകുംചാല്‍ റോഡിലായിരുന്നു സംഭവം. പുല്ല് ചുമന്ന് വീട്ടിലേക്ക് പോകുംവഴിയാണ് മാല പൊട്ടിച്ച് കടന്നത്. ടൗണിലേക്കുള്ള വഴി ചോദിച്ച ശേഷമാണ് മാല പൊട്ടിച്ചത്. നാട്ടുകാരും പോലീസും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയാണ് ഇവരെ കുടുക്കിയത്. മോഷണത്തിനുശേഷം ഇവര്‍ മലപ്പുറത്തേക്ക് കടന്നിരുന്നു. അവിടെ നിന്നാണ് പിടിയിലായത്. നിരവധി കേസുകളില്‍ പ്രതികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. ഹാരീസിന് വര്‍ഷങ്ങളായി പത്താംമൈലുമായി ബന്ധമില്ല. പത്താംമൈല്‍ സ്വദേശിനിയെ വിവാഹം കഴിച്ചതോടെയാണ് കമാലുദ്ദീന് ഇവിടെ എത്തിയത്. അടിമാലി സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ പോക്സോ കേസുമുണ്ട്.
ജില്ലയില്‍ അടുത്തിടെ നടന്ന ചില മോഷണസംഭവങ്ങളിലും ഇവര്‍ക്ക് ബന്ധമുള്ളതായി പോലീസ് പറഞ്ഞു. അടുത്തിടെ മച്ചിപ്ലാവ് അസീസി ചര്‍ച്ചിന് സമീപം വെച്ചും ഇത്തരത്തില്‍ വീട്ടമ്മയുടെ മാല കവര്‍ന്നിരുന്നു. പ്രതികള്‍ പെട്ടിച്ചെടുത്ത മാല രാജകുമാരിയിലുള്ള ഒരു ജ്വല്ലറിയില്‍ വില്പന നടത്തിയിരുന്നു. പ്രതികളെ ഇവിടെ എത്തിച്ച് തെളിവെടുപ്പ് നടത്തി. എസ്.ഐ ഷാജി, സി.പി.ഒമാരായ ഡോണി ചാക്കോ, ബി. രതീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.