കൊച്ചി: പഴയ തുണികള്‍ ശേഖരിക്കാനെന്ന വ്യാജേന വീടുകള്‍ കയറിയിറങ്ങി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന് രക്ഷപെട്ട ഇതര സംസ്ഥാന യുവാവ് പോലീസ് പിടിയില്‍. ബംഗളുരു സ്വദേശി പ്രതാപിനെയാണ് (26) അങ്കമാലി പോലീസ് പിടികൂടിയത്. പഴയ തുണിയുണ്ടോ എന്ന് അന്വേഷിച്ചെത്തിയ പ്രതി വീടിന്റെ മുന്‍വശത്തെത്തിയ വയോധികയുടെ മാലപൊട്ടിച്ച് കടന്നു കളയുകയായിരുന്നു. വയോധിക ഒച്ചവെച്ചതോടെ സമീപവാസികള്‍ ഓടിയെത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.
തുടര്‍ന്ന് അങ്കമാലി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. വര്‍ഷങ്ങളായി പ്രതി കുടുംബവുമൊത്ത് കേരളത്തിലാണ് താമസം. പെരുമ്പാവൂര്‍ പള്ളിക്കവലയില്‍ വാടകയ്ക്ക് താമസിക്കുന്ന ഇയാള്‍ തട്ടിയെടുത്ത മാല പെരുമ്പാവൂരിലെ ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ചതായി കണ്ടെത്തി. ഇത് പോലീസ് കണ്ടെടുത്തു. ഇയാള്‍ സഞ്ചരിച്ച ഇരുചക്ര വാഹനവും കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.