രാമപുരം : മാനത്തൂരില്‍ മുറുക്കാന്‍കടയില്‍ കയറി സ്ത്രീയുടെ ഒരുപവന് മാല മോഷ്ടിച്ച കേസിലെ പ്രതികളെ രാമപുരം പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പള്ളിപ്പുറം പാച്ചിറ ചായിപ്പുറത്ത് ഷഫീഖ് (23), സഹോദരന് ഷമീര്‍ (20), രാമപുരം മങ്കുഴിച്ചാലില്‍ അമല്‍ (20) എന്നിവരെയാണ് രാമപുരം സി.ഐ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ കഴക്കൂട്ടത്തുവെച്ച് പിടികൂടിയത്.
ഇവരുടെപേരില്‍ പല ജില്ലകളിലും കേസുകളുണ്ട്. തിരുവനന്തപുരം ജില്ലയിലെ രണ്ട് ബൈക്ക് മോഷണം, തമിഴ്നാട്ടില്‍ ബൈക്ക് മോഷണം, മണര്‍കാട് പോലീസ് സ്റ്റേഷന് പരിധിയില്‍ 52,000 രൂപയുടെ മോഷണം, പൊന്‍കുന്നം സ്റ്റേഷനിലെ പോലീസുകാര്‍ക്ക് നേരെ മുളകുപൊടി എറിഞ്ഞത് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ഇവര്‍.
രാമപുരം സ്വദേശിയായ അമലിന് രാമപുരം സ്റ്റേഷനില്‍ തന്നെ നിരവധി കേസുകളുണ്ട്. എസ്.ഐ ഡിനി, സ്ക്വാഡ് അംഗങ്ങളായ തോമസ് സേവ്യര്‍, ഷെറിന് മാത്യു, അരുണ്‍ ചന്ദ്, കൃഷ്ണകുമാര്‍ എന്നിവര്‍ അടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.