പിലാത്തറ : കുടിവെള്ളം ചോദിച്ചെത്തിയ യുവാവ് വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ചോടി. ഏഴിലോട് പുറച്ചേരിയിലെ പട്ടേരിച്ചാലില്‍ മുണ്ടയില്‍ കാര്‍ത്ത്യായനിയുടെ (70) ഒരു പവന്റെ മാലയാണ് കവര്‍ന്നത്. വെള്ളിയാഴ്ച ഉച്ചക്കായിരുന്നു സംഭവം. വീട്ടില്‍ വെള്ളം ചോദിച്ചുവന്ന പരിചയമില്ലാത്ത യുവാവാണ് വെള്ളം കൊടുക്കുന്ന സമയത്ത് മാല പൊട്ടിച്ച് ഓടിയതെന്ന് കാര്‍ത്ത്യായനിയമ്മ പറഞ്ഞു . സംഭവസമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. കാര്‍ത്ത്യായനിയുടെ കഴുത്തില്‍ സാരമായി പരുക്കേറ്റു .ഇവര്‍ ഒച്ചവെച്ചതിനെത്തുടര്‍ന്ന് പരിസരവാസികള്‍ ഓടിയെത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല.
വിവരമറിഞ്ഞ് പരിയാരം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. സി.ജി.സാംസണും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി . പ്രദേശത്തുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. ജീന്‍സ് പാന്റ്‌സും കറുപ്പും വെളുപ്പോടും കൂടിയ ടീ ഷര്‍ട്ടും ഇട്ടയാളാണ് മോഷണത്തിന് പിന്നിലുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. പോലീസ് അന്വേഷണം തുടങ്ങി.