ചെങ്ങന്നൂര്‍ : ഇടത് സര്‍ക്കാരിന്റെ സ്വാധീനത്തില്‍ ചെങ്ങന്നൂര്‍ നഗരസഭയില്‍ ഇടതുമുന്നണി പതിവായി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് ഭരണസ്തംഭനം ഉണ്ടാക്കുന്നത് അവസാനിപ്പിക്കണമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ സൂസമ്മ എബ്രഹാം, വൈസ് ചെയര്‍മാന്‍ മനീഷ് കീഴാമഠത്തില്‍ എന്നിവര്‍ ആരോപിച്ചു. നിലവിലുള്ള നഗരസഭാ കൗണ്‍സില്‍ അധികാരത്തിലേറിയ ശേഷം എട്ടാമത്തെ സെക്രട്ടറിക്കാണ് ഇപ്പോള്‍ സ്ഥലംമാറ്റം നല്‍കിയിരിക്കുന്നത്. ഇതില്‍ 4 പേര്‍ നഗരസഭാ സെക്രട്ടറിമാരും നാലുപേര്‍ സെക്രട്ടറി ഇന്‍ ചാര്‍ജുമാണ്. മികച്ച സെക്രട്ടറിമാരെ തുടരാന്‍ ഇടതു സര്‍ക്കാര്‍ അനുവദിക്കാറില്ല. നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ഭരണ സ്തംഭനം ഉണ്ടാക്കുകയും ചെയ്ത മുൻ സെക്രട്ടറി നാരായണനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കൗണ്‍സില്‍ പ്രമേയം പാസാക്കിയിട്ടും സെക്രട്ടറിയെ മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല.
എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മാസ്റ്റര്‍ പ്ലാന്‍ കൊണ്ടുവന്ന ഇടത് സര്‍ക്കാര്‍ സംസ്ഥാനത്തെ രണ്ട് നഗരസഭകളില്‍ മാത്രം റിസ്‌ക് ഇന്‍ഫോമ്ഡ് മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ട് സ്ഥലം എംഎല്‍എ മന്ത്രിയായിട്ടും അറിഞ്ഞില്ല എന്ന് പറയുന്നത് വിചിത്രമായ കാര്യമാണ്. സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള ഏജന്‍സി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുന്നത്. നിയന്ത്രണങ്ങള്‍ നിലവില്‍ വന്നത് നഗരസഭാ കൗണ്‍സിലിന്റെ തീരുമാനമാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ സംസ്ഥാന സര്‍ക്കാര്‍ അത് പിന്‍വലിച്ചു എന്ന വ്യാജപ്രചരണം നടത്തി ജനങ്ങളെ കബളിപ്പിക്കുകയും ചെയ്യുകയാണ്. ശരിയായ രീതിയില്‍ ചര്‍ച്ച ചെയ്യാതെ വളരെ പെട്ടെന്ന് മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കിയതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുടെ പേരിലാണ് എസ്. നാരായണന്‍ എന്ന സെക്രട്ടറിയെ സ്ഥലം മാറ്റാന്‍ നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചത്.