ചാലിശ്ശേരി : പട്ടാമ്പി-കുന്നംകുളം പാതയിൽ കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. പെരിന്തൽമണ്ണ പൂപ്പലം മാനത്തുമംഗലം കാളിപ്പാടൻ അമ്മിണിക്കാട്ട് അമീനിന്റെ ഭാര്യ നിവേദിതയാണ് (ഫാത്തിമ-26) മരിച്ചത്. എറണാകുളം ഇടപ്പള്ളി സ്വദേശിനിയാണ്. കാറിൽ കൂടെ യാത്രചെയ്തിരുന്ന പെരിന്തൽമണ്ണ സ്വദേശികളായ ഡോ. ഒമർ, അശ്വതി എന്നിവർക്കാണ് പരിക്കേറ്റത്. ഡോ. ഒമറിന്റെ ക്ലീനിക്കിലെ സ്റ്റാഫാണ് മരിച്ച നിവേദിത.
ശനിയാഴ്ച വൈകിട്ട് ആറുമണിയോടെ ചാലിശ്ശേരി ഖദീജ മൻസിൽ ബസ്സ്റ്റോപ്പിന് സമീപത്തായിരുന്നു അപകടം. പട്ടാമ്പി ഭാഗത്തുനിന്ന് വരികയായിരുന്ന കാർ എതിരേവരികയായിരുന്ന മറ്റൊരുകാറുമായി കൂട്ടിമുട്ടുകയായിരുന്നു. കുന്നംകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന്റെ പിൻവശവും പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന്റെ മുൻവശവുമാണ് തകർന്നത്. കുന്നംകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാറിലെ പിൻസീറ്റിലായിരുന്നു നിവേദിത. കാറിന്റെ എയർബാഗുകൾ പ്രവർത്തിച്ചതിനാൽ മുൻവശത്ത് ഇരുന്നവർ പരിക്കുകളോടെ രക്ഷപെടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.