അബുദാബി : യു.എ.ഇ. യിലെമ്പാടും ഞായർ, തിങ്കൾ ദിവസങ്ങളിൽ ശക്തമായമഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച ഉച്ചയ്ക്ക് 45 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നാണ് പ്രവചനം. തിങ്കളാഴ്ചയും താപനിലയിൽ കുറവുണ്ടാകുമെന്ന് ദേശീയ വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു. ഈർപ്പമുള്ള അന്തരീക്ഷം തിങ്കളാഴ്ച വരെ തുടരുമെന്നും ചില ഭാഗങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടുമെന്നും കേന്ദ്രം അറിയിച്ചു. കാലാവസ്ഥാ മാറ്റങ്ങൾ സംഭവിക്കുന്നതിനാൽ ചില സ്കൂളുകൾ കുറച്ച് ദിവസത്തേക്ക് വിദൂരപഠനം പ്രഖ്യാപിച്ചിട്ടുണ്ട്.
ശനിയാഴ്ച രാവിലെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെട്ടിരുന്നു. ചിലയിടങ്ങളിൽ ശക്തമായ കാറ്റുണ്ടായി. കഴിഞ്ഞയാഴ്ച രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ശക്തമായ മഴയും കാറ്റും ഇടിമിന്നലും മണിക്കൂറോളം നീണ്ട കനത്ത ആലിപ്പഴ വർഷവുമുണ്ടായി. സ്കൂളുകൾക്ക് വിദൂരപഠനവും ഓഫീസുകൾക്ക് വർക്ക് ഫ്രം ഹോം സൗകര്യവും അനുവദിച്ചിരുന്നു.