കോഴിക്കോട് : കോൺഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി വീണ്ടും വയനാട് ലോക്സഭാ സീറ്റില്‍നിന്ന് മത്സരിക്കാനുള്ള സാധ്യത കുറഞ്ഞു. കർണാടകയിലോ തെലങ്കാനയിലോ മത്സരിക്കുമെന്നാണ് സൂചന. ഇൻഡ്യ മുന്നണിയിലെ പാർട്ടി സ്ഥാനാർഥികളോടുള്ള മത്സരം ഒഴിവാക്കാനാണ് നടപടിയയെന്നാണ് വിവരം. രാഹുലിന് പകരം സ്ഥാനാർഥിയെക്കുറിച്ചുള്ള ചർച്ചകളും കോൺഗ്രസിൽ സജീവമായി.
വയനാട് ലോക്സഭാ സീറ്റില്‍ രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കണമെന്നാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്. കഴിഞ്ഞ തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയം ആവർത്തിക്കാന്‍ രാഹുലിന്റെ സ്ഥാനാർഥിത്വം സഹായിക്കുമെന്ന് കോൺഗ്രസ് കരുതുന്നു. രാഹുലിന്റെ വരവ് തടയാനുദ്ദേശിച്ച് ദേശീയ നേതാവായ ആനിരാജയുടെ പേരാണ് സി.പി.ഐ പരിഗണിക്കുന്നത്.
ഇൻഡ്യാ മുന്നണിയുടെ ഭാഗമായ പാർട്ടിയുടെ സ്ഥാനാർഥിയോട് മത്സരിക്കുന്നതിന് പകരം ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടാനാണ് രാഹുല്‍ ഗാന്ധി മുന്‍ഗണ നല്കുന്നതെന്നാണ് വിവരം. കർണാടകയിലെയും തെലങ്കാനയിലെയും ചില സീറ്റുകള്‍ പരിഗണനയിലുണ്ട്. ഇതോടെ ഇത്തവണ വയനാട് രാഹുല്‍ ഗാന്ധി മത്സരിക്കാനുള്ള സാധ്യത കുറഞ്ഞു. അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയുടേതായിരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.