തിരുവനന്തപുരം : എല്‍ഡിഎഫ് സര്‍ക്കാരിന് പ്രവര്‍ത്തനത്തില്‍ പത്തില്‍ പൂജ്യം മാര്‍ക്കാണ് നല്‍കാന്‍ സാധിക്കുകയെന്ന് ചാണ്ടി ഉമ്മന്‍. കേരളത്തില്‍ തുടര്‍ ഭരണം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ഭരണം ഉണ്ടാകണമെങ്കില്‍ കുറച്ച് കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യേണ്ടതുണ്ട്. അതൊന്നും ഉണ്ടായിട്ടില്ല. ഈ നാടിന് വേണ്ടി അവരെന്താണ് ചെയ്തത്. ഭരണനേട്ടം കാണിക്കാന്‍ അവര്‍ക്കൊന്നുമില്ല. പുതിയൊരു പദ്ധതി പോലും തലക്കല്ലിട്ട് പൂര്‍ത്തിയാക്കിയത് ഈ സര്‍ക്കാരിന് എടുത്ത് കാണിക്കാനുണ്ടോ എന്നും ചാണ്ടി ഉമ്മന്‍ ചോദിക്കുന്നു.
പിണറായി സര്‍ക്കാര്‍ ഇവിടെ പുതിയ പദ്ധതികള്‍ ഒന്നും കൊണ്ടുവന്നിട്ടില്ല. പക്ഷേ തുടര്‍ ഭരണം അവര്‍ സ്വപ്‌നം കാണുന്നത് ആരുടെയൊക്കെയോ പിന്തുണ പ്രതീക്ഷിച്ചുള്ള സ്വപ്‌നമാണ്. ജനങ്ങളുടെ മുന്നില്‍ അതൊന്നും വിലപോവില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. അതേസമയം താന്‍ മത്സരിക്കുമെന്ന കാര്യങ്ങളൊക്കെ പത്രങ്ങളില്‍ വായിച്ച അറിവ് മാത്രമേയുള്ളു. അതില്‍ കൂടുതലൊന്നും അറിയില്ല. മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമൊന്നും ഇപ്പോഴില്ല. ഇക്കാര്യങ്ങളൊക്കെ നേരത്തെ തന്നെ പറഞ്ഞ് കേള്‍ക്കുന്നുണ്ടെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
മത്സരിക്കുന്ന കാര്യത്തില്‍ വ്യക്തിപരമായി ഒന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ കുറെ നാളായി ഞാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത് തുടര്‍ന്ന് കൊണ്ടുപോകാനാണ് താല്‍പര്യം ഇത്തവണ യൂത്ത് കോണ്‍ഗ്രസിന് മാത്രമല്ല, പുതുമുഖങ്ങള്‍ക്കും അവസരം കിട്ടുമെന്നാണ് പ്രതീക്ഷ. അതിനൊത്ത് പാര്‍ട്ടി തീരുമാനമെടുക്കും. 70 ശതമാനമെങ്കിലും ചെറുപ്പക്കാര്‍ക്കും പുതുമുഖങ്ങള്‍ക്കും അവസരം നല്‍കുമെന്നാണ് പ്രതീക്ഷ. കേരളത്തില്‍ എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ച് കൊണ്ടുപോകാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് അതിനെ പിന്തുണയ്ക്കുന്നുണ്ടെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ബിജെപിയിലേക്ക് ക്രിസ്ത്യന്‍ വിഭാഗത്തിന്റെ ഒഴുക്കുണ്ടെന്നത് തെറ്റിദ്ധരിപ്പിക്കുന്ന കാര്യമാണ്. അതൊക്കെ പത്രങ്ങളില്‍ പറയുന്നത് മാത്രമാണ്. ഒരു വിഭാഗത്തില്‍ നിന്നും ബിജെപിയിലേക്ക് ആരും പോകുന്നില്ല. അത്തരമൊരു ഒഴുക്കുണ്ടെങ്കില്‍ അത് തദ്ദേശ തെരഞ്ഞെടുപ്പില്‍ കാണേണ്ടതായിരുന്നു. പക്ഷേ ഒന്നും കണ്ടില്ല. കോണ്‍ഗ്രസ് നേതാക്കളെ കൂടെ ചേര്‍ത്ത് ബിജെപി അധികാരം പിടിച്ചു എന്നൊന്നും പറയുന്നത് ശരിയല്ല. സിപിഎമ്മിില്‍ നിന്നും ബിജെപി നേതാക്കളെ പിടിക്കുന്നുണ്ട്. ബംഗാളില്‍ സിപിഎം എംഎല്‍എമാരും ബിജെപിയിലേക്ക് പോയിട്ടുണ്ട്. ഇത്തരം ശ്രമങ്ങള്‍ പലയിടത്തും നടത്തിയിട്ടുണ്ട്. കേരളത്തില്‍ അവരുടെ ആ തന്ത്രങ്ങളൊന്നും വിലപോവില്ലെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.
ഉദ്യോഗാര്‍ത്ഥികളുടെ സമരം ന്യായമാണ്. മാനുഷികമായ മുഖമുണ്ടെങ്കില്‍ സര്‍ക്കാര്‍ അവരെ പരിഗണിക്കണം. നിയമത്തിനപ്പുറം ആളുകളെ ചേര്‍ത്ത് നിര്‍ത്താനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ആ കടമ സര്‍ക്കാര്‍ നിര്‍വഹിക്കണം. അതിന് വേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസിന്റെ സമരം. ഇതേപോലെ പിഎസ്‌സി നോക്കുകുത്തിയാക്കി ഒരു സര്‍ക്കാര്‍ ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ല. പിന്‍വാതില്‍ നിയമനങ്ങളാണ് നടക്കുന്നത്. സോളാര്‍ കേസ് പോലെയുള്ളവ നനഞ്ഞ പടക്കമാണ്. സംസ്ഥാനത്ത് എല്‍ഡിഎഫും ബിജെപിയും തമ്മിലാണ് ബന്ധമുള്ളത്. തില്ലങ്കേരിയില്‍ ഇവര്‍ ഒന്നിച്ചു. കളമശ്ശേരിയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ അവിടെ ബിജെപി വോട്ട് സിപിഎമ്മിന് കിട്ടി. ഇതൊക്കെ അവരുടെ ബന്ധം തെളിയിക്കുന്നതാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.