കൊച്ചി: ചാന്ദ്നിയുടെ കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ്. അസ്ഫാക്ക് ആലത്തിനൊപ്പം കൂടുതല്‍ പേര്‍ കൊലയില്‍ പങ്കാളിയായിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്ന് മധ്യമേഖലാ ഡിഐജി എ ശ്രീനിവാസ് പറഞ്ഞു. കഴിഞ്ഞ ഇരുപത്തിരണ്ടാം തീയതിയാണ് ബിഹാര്‍ സ്വദേശിയായ അസ്ഫാക്ക് ആലുവയില്‍ എത്തിയത്. കുറഞ്ഞ ദിവസത്തെ പരിചയം മാത്രമാണ് ഇയാള്‍ക്ക് ഇവിടെയുള്ളത്. കുട്ടിയെ കൊലപ്പെടുത്താനുള്ള കാരണം എന്തെന്നു കണ്ടെത്തേണ്ടതുണ്ട്. ഇയാളുടെ പശ്ചാത്തലം അറിയാന്‍ ബിഹാര്‍ പോലീസുമായി ബന്ധപ്പെട്ടിട്ടിട്ടുണ്ടെന്നും ഡിഐജി പറഞ്ഞു.
അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ശ്രമിച്ചതിലുടെ ഇയാളൊരു സ്ഥിരം കുറ്റവാളിയാണോയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. കുട്ടിയുടെ ശരീരത്തില്‍ പരിക്കുകളുണ്ട്. പരിശോധനകള്‍ നടക്കേണ്ടതുള്ളതിനാല്‍ ഇക്കാര്യത്തില്‍ കുടുതല്‍ കാര്യങ്ങള്‍ പറയാനാവില്ല. ഇന്നലെ വൈകിട്ടു മുതലുള്ള പ്രതിയുടെ നീക്കങ്ങള്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. മൂന്നു മണിക്കാണ് ആദ്യ ദൃശ്യം കിട്ടിയത്, വൈകിട്ട് അഞ്ചിനുള്ള മറ്റൊരു ദൃശ്യവുംലഭിച്ചിട്ടുണ്ട്. വൈകിട്ട് ആറു മണിയോടെ അടിപിടിയുണ്ടാക്കിയതായും ഇയാളുടെ മൊഴിയിലുണ്ട്. രാത്രി പത്തോടെയാണ് അസ്ഫാക്ക് പിടിയിലായതെന്നും പോലീസ് പറഞ്ഞു.