അമരാവതി: നൈപുണ്യ വികസന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതികേസില്‍ ചന്ദ്രബാബു നായിഡു ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിജയവാഡ കോടതി വിധിക്കെതിരായ ഹര്‍ജി. അതേസമയം ആന്ധ്രപ്രദേശില്‍ തെലുങ്കുദേശം പാര്‍ട്ടി ആഹ്വാനം ചെയ്ത ബന്ദില്‍ വ്യാപകമായ സംഘര്‍ഷം തുടരുകയാണ്. ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റ് നിയമവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സുപ്രീംകോടതി അഭിഭാഷകനായ സിദ്ധാര്‍ത്ഥ് ലൂത്രയാണ് ഹൈക്കോടതിയിലും ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജാമ്യാപേക്ഷ ഉടന്‍ പരിഗണിക്കും.
അതേസമയം ചന്ദ്രബാബു നായിഡുവിനെ ഒരാഴ്ച കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് സിഐഡി വിഭാഗം വിജയവാഡ എസിബി കോടതിയില്‍ അപേക്ഷ നല്‍കി. നൈപുണ്യ വികസന പദ്ധതി അഴിമതിയില്‍ മുഖ്യസൂത്രധാരന്‍ ചന്ദ്രബാബു നായിഡുവാണെന്നും കൂടുതല്‍ ചോദ്യം ചെയ്യണമെന്നുമാണ് സിഐഡിയുടെ വാദം. 372 കോടിയുടെ അഴിമതിയില്‍ നായിഡുവിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും സിഐഡി വ്യക്തമാക്കുന്നു. അതേസമയം നായിഡുവിന്റെ അറസ്റ്റിനെ തുടര്‍ന്ന് ടിഡിപി ആഹ്വാനം ചെയ്ത ബന്ദ് സംസ്ഥാനത്ത് പൂര്‍ണമാണ്.