അടൂര്‍ : പിണറായി സർക്കാർ തുടർഭരണം ചോദിക്കുന്നത് കള്ളക്കടത്ത് തുടരാൻ വേണ്ടിയാണെന്ന് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മൻ പറഞ്ഞു. അടൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി എം.ജി.കണ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വർണവും ഡോളറും കഞ്ചാവും കടത്താൻ ഒത്താശ ചെയ്ത സർക്കാരിന് എന്ത് മേന്മയാണ് നടിക്കാനുള്ളത്. ജനങ്ങളുടെ കണ്ണിൽപൊടിയിട്ട് അധികാരം നേടി അതിന്റെ മറവിൽ രാജ്യദ്രോഹപ്രവർത്തനങ്ങളാണ് ഇടതുസർക്കാർ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സഖാക്കളെ പി.എസ്.സി ലിസ്റ്റിൽ തിരുകി കയറ്റി യുവജനങ്ങളെ മുട്ടിലിഴക്കാനും വാളയാർ ആവർത്തിക്കാനും പെരിയിലെ വേദനയുടെ കനലെരിക്കാനും വേണ്ടിയാണ് പിണറായി സർക്കാർ തുടർഭരണത്തിന് മുറവിളിയിടുന്നത്. പിഞ്ചുപെൺമക്കൾക്ക് സുരക്ഷിത്വവും അമ്മമാർക്ക് മക്കളെ നഷ്ടപ്പെടാതിരിക്കാനും അർഹതയുള്ളവന് ജോലി ലഭിക്കാനും മനുഷ്യത്വമുള്ള സർക്കാർ നാടുഭരിക്കണം. ഒരമ്മയുടെയും ശാപം യു.ഡി.എഫ് സർക്കാരുകൾക്ക് ഇല്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
അടൂരില്‍ എം.ജി കണ്ണന്‍ വിജയിക്കണം. ഒരുമാറ്റം അടൂരിന് ഉണ്ടാകണം. എം.ജി കണ്ണന്‍ എന്ന യുവനേതാവിലൂടെ അടൂരിന്റെ വികസന സ്വപ്‌നങ്ങള്‍ സാക്ഷാല്‍ക്കരിക്കണം. ഇടതുപക്ഷത്തിന് നാട് വികസിക്കുന്നതിലല്ല, സ്വന്തം കീശ വീര്‍പ്പിക്കുവാനാണ് താല്‍പ്പര്യം. അതിനവര്‍ സ്വര്‍ണ്ണ കള്ളക്കടത്തും അഴിമതിയും നടത്തുന്നു. കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയും നിയമസഭാ സ്പീക്കറും വരെ പ്രതിസ്ഥാനത്താണ്. അഭിമാനമുള്ള കേരളീയരുടെ തല താന്നുകഴിഞ്ഞു. എന്നിട്ടും യാതൊരു സങ്കോചവും കൂടാതെ തുടര്‍ ഭരണം ചോദിക്കുന്നു. ഉറപ്പാണ് എല്‍.ഡി.എഫിന്റെ പരാജയം ഉറപ്പാണ്, അത് ജനങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
രാവിലെ പത്തനംതിട്ടയിലെ കിടങ്ങൂർ മണ്ഡലം കമ്മിറ്റിയുടെ കുടുംബസംഗമത്തോടെയാണ് പ്രചാരണ പരിപാടികൾ ആരംഭിച്ചത്. കടമ്മനിട്ട കല്ലൂർ, കോട്ടാങ്ങൽ, തുമ്പമൺ, പരുമല, നിരണം എന്നിവിടങ്ങളിലെ കുടുംബസംഗമങ്ങളിലും പള്ളിക്കലിലെ സ്ഥാനാർത്ഥി പര്യടനത്തിലും ചാണ്ടി ഉമ്മൻ പങ്കെടുത്തു. രാത്രിയിൽ പുതുപ്പള്ളിയിൽ നടന്ന യുവജനസംഗമത്തിലും റോഡ്‌ഷോയുടെ സമാപനത്തിലും അദ്ദേഹം എത്തി.