തിരുവനന്തപുരം: സോളാര്‍ ഗൂഢാലോചനയില്‍ നിയമസഭയിലെ അടിയന്തരപ്രമേയ ചര്‍ച്ചയില്‍ ഭരണപക്ഷത്തെ പ്രതിക്കൂട്ടിലാക്കി കെ ടി ജലീല്‍. പ്രതിപക്ഷ നിരയില്‍ ഇരിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനോട് നിങ്ങളുടെ ശത്രുക്കള്‍ നിങ്ങള്‍ക്ക് ഒപ്പമാണ് ഇരിക്കുന്നത് കെ ടി ജലീല്‍ പറഞ്ഞു. ‘കേരളത്തിലെ പല വിവാദങ്ങളുടെയും അടിവേര് ചികഞ്ഞാല്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കിലാണ് എത്തിനില്‍ക്കുക. ഐഎസ് ആര്‍ ഓ ചാരക്കേസ് ഉണ്ടാക്കിയത് ലീഡര്‍ കെ കരുണാകരനെ വീഴ്ത്താനായിരുന്നുവെന്ന് പറഞ്ഞത് മകനും കെപിസിസി പ്രസിഡന്റുമായിരുന്ന കെ മുരളീധരനായിരുന്നു. കോണ്‍ഗ്രസ് പിളര്‍പ്പിലേക്കാണ് അതെത്തിയത്. ചാരക്കേസ് മുതല്‍ ഇങ്ങോട്ട് എടുത്താല്‍ വിവാദങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് പോരാണെന്ന് വ്യക്തമാകും. ചാരക്കേസിന് ശേഷം കോണ്‍ഗ്രസുകാര്‍ ഉണ്ടാക്കിയതാണ് സോളാര്‍ കേസ്. അതിന്റെ ശില്‍പ്പികളും പിതാക്കളും കോണ്‍ഗ്രസുകാരാണ്.
സോളാര്‍ രക്തത്തില്‍ ഇടത് പക്ഷത്തിന് പങ്കില്ല. ഇടതു പക്ഷത്തിന് രാഷ്ട്രീയ എതിരാളികളേ ഉള്ളു. രാഷ്ട്രീയ ശത്രുക്കളില്ല. രാഷ്ട്രീയ ശത്രുക്കള്‍ ഉമ്മന്‍ചാണ്ടിയുടെ പാളയത്തിലാണുളളത്. സോളാര്‍ കേസ് ഉയര്‍ത്തി കൊണ്ട് വന്നത് കോണ്‍ഗ്രസാണ്. സോളാരില്‍ സിപിഎമ്മിന് എന്ത് പങ്കു ആണുള്ളതെന്നും ജലീല്‍ ചോദിച്ചു. വ്യക്തിഹത്യയോട് യോജിക്കാത്ത പാര്‍ട്ടിയാണ് സിപിഎം. അത്തരം നടപടിയോട് കൂട്ട് നില്‍ക്കാത്ത ആളാണ് പിണറായി വിജയന്‍. സോളാറില്‍ ഇടത് മാധ്യമങ്ങള്‍ സ്വീകരിച്ച സമീപനം പരിശോധിക്കണം. കത്തു പുറത്തു വിട്ടത് പാര്‍ട്ടി ബന്ധം ഉള്ള മാധ്യമങ്ങള്‍ അല്ലെന്നും കെ ടി ജലീല്‍ സഭയില്‍ പറഞ്ഞു.