കോട്ടയം : പുതുപ്പള്ളി മണ്ഡലത്തിൽ ഉമ്മൻചാണ്ടിയ്ക്ക് വീണ്ടും ചരിത്ര വിജയം സമ്മാനിക്കാൻ മകൻ ചാണ്ടി ഉമ്മൻ സജീവമായി രംഗത്ത്. മണ്ഡലത്തിലെ മുക്കും മൂലയും കയറി ഇറങ്ങി പരമാവധി വോട്ടർമാരെ നേരിൽ കാണുന്ന തിരക്കിലാണ് ചാണ്ടി ഉമ്മൻ.
ഉമ്മൻചാണ്ടിയെ കാണുന്ന ആഹ്ലാദത്തോടെയാണ് മകനെയും പുതുപ്പള്ളിക്കാർ വരവേൽക്കുന്നത്. യു.ഡി.എഫിന് ഉറച്ച കോട്ടയാണ് പുതുപ്പള്ളിയെങ്കിലും കഠിന പ്രയത്നത്തിലൂടെ ഭൂരിപക്ഷം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചാണ്ടി ഉമ്മന്റെ പ്രവർത്തനം. കേരളത്തിൽ ഭരണമാറ്റം ഉണ്ടാകാൻ ആഗ്രഹിക്കുന്ന ജനതയ്‌ക്കൊപ്പം പുതുപ്പള്ളിക്കാർ ഒന്നാകെ യു.ഡി.എഫിനൊപ്പം അണിനിരക്കുമെന്നതിൽ സംശയമില്ലെന്ന് അദ്ദേഹം പറഞ്ഞു.
വീടുകളും കടകളും കയറി ഇറങ്ങുന്നതോടൊപ്പം പ്രവർത്തകരിൽ ആവേശം നിറച്ച് വിവിധ യോഗങ്ങളിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. ഇന്നലെ രാവിലെ അലക്കുന്നം ഭവന സന്ദർശനത്തോടെയാണ് പ്രചരണം തുടങ്ങിയത്. തുടർന്ന് കുരോപ്പടയിൽ കോൺഗ്രസ് യോഗത്തിൽ പങ്കെടുത്ത അദ്ദേഗം കുരോപ്പടയിൽ ഭവന സന്ദർശനവും നടത്തി. ഉച്ചയ്ക്ക് ശേഷം പാമ്പാടിയിൽ ബൂത്ത് പ്രസിഡന്റ്മാരുടെ യോഗത്തിൽ പങ്കെടുത്തു. പാമ്പാടിയിലെ ഓരോ കടകളിലും കയറി ചാണ്ടി ഉമ്മൻ വോട്ട് അഭ്യർത്ഥിച്ചു. മണക്കാർട് യുവജന കോൺഗ്രസ് യോഗത്തിലും തുടർന്ന് പ്രദേശത്തെ കടകളിലും വോട്ട് തേടി അദ്ദേഹമെത്തി. കൈതമറ്റത്ത് യൂത്ത് കോൺഗ്രസ് യൂണിറ്റ് ഉദ്ഘാടനവും ചാണ്ടി ഉമ്മൻ ഇന്നലെ നിർവഹിച്ചു.