കോന്നി : തങ്ക അങ്കി ഘോഷയാത്ര കടന്നുപോകാൻ ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോഴും കോന്നി ചാങ്കൂർ മുക്ക് റോഡിലെ ഇടിഞ്ഞ് പോയ സംരക്ഷണ ഭിത്തി പുനർ നിർമ്മിക്കാൻ നടപടിയില്ല. കഴിഞ്ഞ മഴക്കാലത്ത് ആണ് റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് പോയത്. ഇതിന് ശേഷം വീപ്പ ഉപയോഗിച്ച് അപകട മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇപ്പോൾ. റോഡിന് സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിനായി എസ്റ്റിമേറ്റ് എടുത്ത് ഭരണാനുമതിക്കായി സമർപ്പിച്ചിരിക്കുകയാണെന്നാണ് പൊതുമരാമത്ത് റോഡ് വിഭാഗം അധികൃതർ പറയുന്നത്.എന്നാൽ മണ്ഡല കാലം ആരംഭിച്ചതോടെ ഈ റോഡിലൂടെ ഉള്ള തിരക്കും വർധിച്ചിട്ടുണ്ട്.
ചാങ്കൂർ മുക്ക് പാലത്തിന്റെ ഒരു ഭാഗം ഇടിഞ്ഞ് ഏത് നിമിഷവും അപകടം സംഭവിക്കാവുന്ന തരത്തിൽ ആണ് റോഡിന്റെ അവസ്ഥ. കോന്നി എം എൽ എ അഡ്വ കെ യു ജനീഷ് കുമാർ സ്ഥലം സന്ദർശിച്ച് മുൻപ് സ്ഥിതി ഗതികൾ വിലയിരുത്തിയിരുന്നു. ഇതിനു ശേഷം കോന്നിയിൽ നടന്ന എല്ലാ താലൂക്ക് വികസന സമിതി യോഗങ്ങളിലും ഈ വിഷയം ഉന്നയിക്കപെടുകയും വലിയ ചർച്ചകൾ നടക്കുകയും ചെയ്തിരുന്നു. കോന്നി നഗരത്തിൽ ഗതാഗതകുരുക്ക് ഉണ്ടായാലും പുനലൂർ മൂവാറ്റുപുഴ പാതയിൽ ഗതാഗത കുരുക്ക് ഉണ്ടായാലും ഈ വഴിയാണ് വാഹനങ്ങൾ വഴി തിരിച്ച് വിടുന്നത്.
ഭാരം കയറ്റിയ ടിപ്പർ ലോറികൾ ഉൾപ്പെടെ സഞ്ചരിക്കുന്നതും ഈ വഴിയാണ്. ടിപ്പർ ലോറികൾ ഇടിഞ്ഞ ഭാഗത്ത് കൂടി പോയാൽ വാഹനങ്ങൾ തോട്ടിലേക്ക് പതിക്കും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. കോന്നിയിൽ നിന്നും തണ്ണിത്തോട്, ചിറ്റാർ, സീതത്തോട്, ആങ്ങമൂഴി വഴി ശബരിമലക്ക് എത്തിച്ചേരുവാൻ അയ്യപ്പ ഭക്തർ ഏറെ ആശ്രയിക്കുന്ന റോഡാണിത്. കൂടാതെ തണ്ണിത്തോട്, കരിമാൻതോട്, തേക്കുതോട്, പൂച്ചക്കുളം, മണ്ണീറ ഭാഗത്തേക്ക് പോകുന്ന ആളുകളും ഈ റോഡിനെ ആശ്രയിക്കുന്നുണ്ട്. എന്നാൽ റോഡ് സംരക്ഷണ ഭിത്തി ഇടിഞ്ഞ് അപകട ഭീഷണി നേരിട്ടതോടെ വലിയ ഭീതിയിലാണ് നാട്ടുകാർ ഈ വഴി സഞ്ചരിക്കുന്നത്.