ന്യൂഡൽഹി : ഐപിസി സെക്ഷൻ 124എ പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് മാധ്യമ പ്രവർത്തകനും ഏഷ്യൻ സ്കൂൾ ഓഫ് ജേണലിസം ചെയർമാനുമായ ശശികുമാർ സുപ്രിം കോടതിയെ സമീപിച്ചു.
അഭിഭാഷകരായ കാളീശ്വരം രാജ്, നിഷെ ഷോങ്കർ, തുളസി കെ രാജ് എന്നിവർ മുഖേനെയാണ് ഹർജി സമർപ്പിച്ചത്. രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് രാഷ്ട്രീയവത്കരിക്കപ്പെട്ട ഫാഷനായി മാറിയെന്ന് ശശികുമാർ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
2016 മുതൽ രാജ്യത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കുന്നതിൽ വലിയ വർധനവാണ് ഉണ്ടായത്. 2016ൽ 35 കേസുകളാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി രജിസ്റ്റർ ചെയ്തത്. 2019ൽ അത് 93 ആയി വർധിച്ചു. ഈ 93 കേസുകളിൽ 17 ശതമാനം കേസുകളിൽ മാത്രമാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. ശിക്ഷിക്കുന്ന കേസുകളും കുറവാണ്. 3.3 ശതമാനമാണ് ശിക്ഷാ നിരക്ക്, ശശികുമാർ നൽകിയ ഹർജിയിൽ പറയുന്നു.
2019ൽ 21 ഓളം കേസുകൾ തെളിവുകളുടെ അഭാവം കാരണം അവസാനിപ്പിച്ചിട്ടുണ്ട്. രണ്ട് കേസുകൾ വ്യാജമാണെന്നും ആറ് കേസുകൾ സിവിൽ തർക്കങ്ങളാണെന്ന് കണ്ടെത്തിയതായും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
ആക്ടിവിസ്റ്റ് ദിഷ രവി, മാധ്യമപ്രവർത്തകരായ സിദ്ദീഖ് കാപ്പൻ, വിനോദ് ദുവ, സിനിമാ സംവിധായിക ആയിഷ സുൽത്താന എന്നിവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടി പരാമർശിച്ചായിരുന്നു ശശി കുമാറിന്റെ ഹർജി.