കവിയൂര്‍ : അമ്പലപ്പുഴ പേട്ടസംഘത്തിന്റെ രഥഘോഷയാത്ര കവിയൂർ ക്ഷേത്രത്തിലെത്തി. എരുമേലിപ്പേട്ടയ്ക്ക് എഴുന്നള്ളിക്കാനുള്ള സ്വർണത്തിടമ്പും വഹിച്ചുള്ള രഥഘോഷയാത്രയെ നിറപറയും നിലവിളക്കുമായാണ് ഭക്തർ വരവേറ്റത്. രണ്ടാംദിനം മുപ്പതിലധികം ക്ഷേത്രങ്ങളിലും യാത്രയ്ക്കു സ്വീകരണമൊരുക്കിയിരുന്നു. രണ്ടാംദിനമായ ചൊവ്വാഴ്ച രാവിലെ തകഴി ധർമശാസ്താക്ഷേത്രത്തിൽനിന്ന് രഥഘോഷയാത്ര പര്യടനമാരംഭിച്ചു. ഉച്ചയ്ക്ക് ആനപ്രമ്പാൽ ധർമശാസ്താക്ഷേത്രത്തിലെത്തി വിശ്രമിച്ചശേഷം വൈകുന്നേരം ചക്കുളത്തുകാവ് ദേവീക്ഷേത്രം, തിരുവല്ല വല്ലഭസ്വാമീക്ഷേത്രം എന്നിവിടങ്ങളിൽ സ്വീകരണമേറ്റുവാങ്ങി. തിരുവല്ല അയ്യപ്പധർമപരീക്ഷിത്തിന്റെ ആസ്ഥാനത്തുനിന്നും ഭക്ഷണവും കഴിച്ച് രാത്രി പതിനൊന്നുമണിയോടെയാണ് സംഘം കവിയൂർ ക്ഷേത്രത്തിലെത്തിയത്.
കേളമംഗലം ധർമശാസ്താക്ഷേത്രം, ചെക്കിടിക്കാട് ശ്രീദേവീക്ഷേത്രം, ചെറുവള്ളിക്കാവ് ദേവീക്ഷേത്രം, തലവടി പനയന്നാർകാവ് ദേവീക്ഷേത്രം, തൃക്കയിൽ ക്ഷേത്രം, നെടുമ്പ്രം പുത്തൻകാവിൽ ദേവീക്ഷേത്രം, പൊടിയാടി അയ്യപ്പക്ഷേത്രം, മണിപ്പുഴ ക്ഷേത്രം, കാവുംഭാഗം തിരു ഏറൻകാവ് ഭഗവതീക്ഷേത്രം, ആനന്ദേശ്വരം ക്ഷേത്രം, മിന്തലക്കര ശാസ്താക്ഷേത്രം എന്നിവിടങ്ങളിലും സ്വീകരണമൊരുക്കിയിരുന്നു. ഇന്ന് കവിയൂർ ക്ഷേത്രത്തിൽനിന്നു പുറപ്പെടുന്ന യാത്ര രാത്രി മണിമലക്കാവ് ദേവീക്ഷേത്രത്തിലെത്തും. ശനിയാഴ്ചയാണ് എരുമേലി പേട്ടതുള്ളൽ.