പത്തനംതിട്ട : മണ്ഡലപൂജയ്ക്ക് അയ്യപ്പന് ചാർത്താനുള്ള തങ്ക അങ്കിയുമായി രഥഘോഷയാത്ര ആറന്മുളയിൽ നിന്ന് പുറപ്പെട്ടു. വിവിധയിടങ്ങളിലെ സ്വീകരണത്തിന് ശേഷം 25 ന് പമ്പയിൽ എത്തുന്ന തകഅങ്കി ശരംകുത്തിയിൽ നിന്ന് ആചാരപൂർവം സന്നിധാനത്തേക്ക് ആനയിക്കും. ശനിയാഴ്ച വൈകീട്ടാണ് അയ്യപ്പ വിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന. 26 ന് മണ്ഡല പൂജക്ക് ശേഷം ഹരിവരാസനം പാടി നട അടക്കും. മകരവിളക്ക് ഉൽസവത്തിനായി ശബരിമല നട മുപ്പതാം തീയതി വൈകീട്ടാണ് വീണ്ടും തുറക്കുക.
73 കേന്ദ്രങ്ങളിൽ നിന്നുള്ള സ്വീകരണങ്ങളാണ് തങ്ക അങ്കി ഏറ്റുവാങ്ങുക. കഴിഞ്ഞ തവണ കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നതിനാൽ ആളും ആരവവും ഇല്ലാതെയായിരുന്നു തങ്ക അങ്കി ഘോഷയാത്ര. എന്നാൽ ഇത്തവണ നിയന്ത്രണങ്ങളിൽ ഇളവുള്ളതിനാൽ ആഘോഷപൂർവവമാണ് യാത്ര നടക്കുന്നത്. സായുധ പോലീസ് ഉൾപ്പെടെയുള്ളവർ യാത്രയെ അനുഗമിക്കുന്നുണ്ട്.