കൊച്ചി : ചാരിറ്റി ഇടപാടുകളിലെ ക്രൗഡ് ഫണ്ടിംഗില്‍ സര്‍ക്കാര്‍ നിയന്ത്രണം വേണമെന്ന് ഹൈക്കോടതി. ക്രൗഡ് ഫണ്ടിംഗിന് പണം എവിടെ നിന്ന് വരുന്നുവെന്ന് എന്ന് പരിശോധന വേണം. സംസ്ഥാന പോലീസ് ഇതില്‍ ഇടപെടണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. മലപ്പുറത്ത് അപൂര്‍വ രോഗം ബാധിച്ച കുട്ടിക്ക് സര്‍ക്കാര്‍ സൗജന്യ ചികിത്സ നല്‍കണമെന്നാവശ്യപ്പെട്ട് പിതാവ് നല്കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ് പരാമര്‍ശം.
യൂട്യൂബര്‍മാര്‍ എന്തിനാണ് സ്വന്തം അക്കൗണ്ടില്‍ പണം വാങ്ങുന്നത് എന്നും ഹൈക്കോടതി ചോദിച്ചു. ആര്‍ക്കും എങ്ങനെയും പണം പിരിക്കാമെന്ന അവസ്ഥ പാടില്ല. പണം നല്കുന്നവര് പറ്റിക്കപ്പെടാനും പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പിരിച്ച പണം അധികമായതിനെക്കുറിച്ച് അടിപിടിപോലും ഉണ്ടാകുന്നു. ഇത്തരം പണപ്പിരിവില്‍ സംസ്ഥാനത്തിന് കര്‍ശന നിയന്ത്രണം ഉണ്ടാവണം എന്ന് കോടതി വ്യക്തമാക്കി.
കോടതി ക്രൗഡ് ഫണ്ടിംഗിന് എതിരല്ല. സത്യസന്ധമായ സോഴ്സില്‍ നിന്ന് അര്‍ഹരായ കുട്ടികള്‍ക്ക് പണം വരുന്നത് തടയാനും പാടില്ല. സര്‍ക്കാരിന് ഇക്കാര്യത്തില്‍ സമഗ്രമായ നയരൂപീകരണം വേണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.