മുംബൈ: അന്തരിച്ച പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ വിൽപ്പത്രത്തിൽ പ്രത്യേകമായി രേഖപ്പെടുത്താത്ത ഓഹരികൾ അദ്ദേഹത്തിന്റെ ചാരിറ്റബിൾ ഫൗണ്ടേഷനും രത്തൻ ടാറ്റ എൻഡോവ്‌മെന്റ് ട്രസ്റ്റിനും അവകാശപ്പെട്ടതാണെന്ന് ബോംബെ ഹൈക്കോടതി. വിൽപത്രത്തിലെ അനന്തരവാകാശം സംബന്ധിച്ച് കക്ഷികൾക്കിടയിൽ തർക്കമൊന്നുമില്ലെങ്കിലും കൂടുതൽ വ്യക്തത തേടി അർദ്ധ സഹോദരി ഷിരീനും സുഹൃത്ത് മെഹ്‌ലി കെ മിസ്ട്രിയും കോടതിയെ സമീപിക്കുകയായിരുന്നു. രത്തൻ ടാറ്റയുടെ കൈവശമുണ്ടായിരുന്ന കമ്പനികളുടെ ലിസ്റ്റ് ചെയ്തതും ലിസ്റ്റ് ചെയ്യാത്തതുമായ ഓഹരികൾ, ആർഎൻടി അസോസിയേറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിലെ ഓഹരികൾ ഉൾപ്പെടെ ആർക്കാണ് അവകാശം എന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഇവർ കോടതിയെ സമീപിച്ചത്.
ഈ കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. ലിസ്റ്റ് ചെയ്തതും ലിസ്റ്റ് ചെയ്യാത്തതുമായ ഓഹരികൾ വിൽപ്പത്രത്തിൽ രേഖപ്പെടുത്താത്ത സാഹചര്യത്തിൽ രത്തൻ ടാറ്റ എൻഡോവ്‌മെന്റ് ഫൗണ്ടേഷനും രത്തൻ ടാറ്റ എൻഡോവ്‌മെന്റ് ട്രസ്റ്റിനും ഓഹരികളിൽ തുല്യ അവകാശമാണെന്നാണ് ബെഞ്ച് വിധിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ 9നാണ് രത്തൻ ടാറ്റ അന്തരിച്ചത്. 2022 ഫെബ്രുവരി 23നാണ് അദ്ദേഹം വിൽപ്പത്രം എഴുതിയത്. തുടർന്ന് 2022 ഏപ്രിൽ 6, 2022 സെപ്തംബർ 30, 2023 മാർച്ച് 24, 2023 ഡിസംബർ 22 എന്നീ തിയതികളിൽ നാല് കോഡിസിലുകളും എഴുതി. കോഡിസിലുകൾ പരിഗണിക്കുമ്പോൾ അതിനോടൊപ്പം യഥാർഥ വിൽപ്പത്രം കൂടി പരിഗണിക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു.