ബ്രിട്ടന്‍ : ബ്രിട്ടനിൽ അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ പിൻഗാമിയായി മകൻ ചാൾസ് മൂന്നാമൻ അധികാരമേറ്റു. ബ്രിട്ടനിലെ സെന്‍റ് ജെയിംസ് കൊട്ടാരത്തിലായിരുന്നു സ്ഥാനാരോഹണ ചടങ്ങുകള്‍. ചരിത്രത്തിൽ ആദ്യമായി ബ്രിട്ടനില്‍ രാജാവിന്‍റെ സ്ഥാനാരോഹണം തൽസമയം സംപ്രേഷണം ചെയ്തു. സ്ഥാനാരോഹണം നടന്നെങ്കിലും മറ്റ് ഔദ്യോഗിക ചടങ്ങുകൾ ദുഃഖാചരണം കഴിഞ്ഞതിനുശേഷം മാത്രമേ ഉണ്ടാകുകയുള്ളൂ.
വിവിധ ലോകനേതാക്കള്‍ ചടങ്ങിനെത്തും. ജോർജ് ആറാമൻ രാജാവ് മരിച്ചതിനു പിന്നാലെ എലിസബത്ത് രാജ്ഞിയുടെ സ്ഥാനാരോഹണം നടത്തിയെങ്കിലും പൂർണ ചടങ്ങുകളോടെ ഔദ്യോഗിക നടപടിക്രമങ്ങൾ ദുഃഖാചരണം കഴിഞ്ഞ് ഒരു വർഷത്തിനു ശേഷമാണ് നടന്നത്. രാജകുടുംബാംഗങ്ങളും പ്രധാനമന്ത്രിയും മുതിർന്ന രാഷ്ട്രീയക്കാരും കാന്‍റർബറി ആർച്ച്ബിഷപ്പും അടങ്ങുന്ന അക്സഷൻ കൗൺസിൽ അംഗങ്ങളാണ് ചാൾസ് മൂന്നാമനെ രാജാവായി പ്രഖ്യാപിച്ചത്.
ഇന്നലെ ചാൾസ് രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. പുതിയ ഉത്തരവാദിത്വങ്ങൾ വരുന്നതോടുകൂടി തന്‍റെ ജീവിതവും മാറുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ സേവിക്കാനായി ജീവിതം ഉഴിഞ്ഞുവെച്ചയാളായിരുന്നു അമ്മ എലിസബത്ത് രാജ്ഞി. അമ്മ കുടുംബത്തിൽ എല്ലാവർക്കും പ്രചോദനവും മാതൃകയുമായിരുന്നു. സ്വന്തം കടമകൾ നിർവഹിക്കാനായി അവർ ഒട്ടേറെ ത്യാഗങ്ങൾ സഹിച്ചെന്നും ചാള്‍സ് അനുസ്മരിച്ചു.