കൊച്ചി : കാക്കനാട് മയക്കുമരുന്ന് കേസിൽ ഒടുവിൽ അറസ്റ്റിലായ 14-ാം പ്രതി തൃശ്ശൂർ സ്വദേശി ടി.എസ്. സനീഷ് (24) മയക്കുമരുന്ന് വിറ്റത് ഒയോ റൂമിന്റെ മറവിൽ. തൃശ്ശൂർ സ്വദേശിയായ സനീഷ് മയക്കുമരുന്ന് വിൽപ്പന സാധ്യത മനസ്സിലാക്കി നെട്ടൂരിൽ ലോഡ്ജ് പണയത്തിനെടുത്ത് ഓയോ ആപ്പിൽ രജിസ്റ്റർ ചെയ്യുകയായിരുന്നു. പിന്നീട് ഈ മുറികൾ മയക്കുമരുന്ന് വിൽപ്പനയ്ക്കായി ഉപയോഗപ്പെടുത്തി. മയക്കുമരുന്ന് ഇടപാടുകൾക്ക് എത്തുന്നവരാണ് ഇവിടെ താമസിച്ചിരുന്നത്.
മുറിയെടുക്കുന്ന മറ്റുള്ളവർക്കും ആവശ്യമെങ്കിൽ ലഹരിമരുന്ന് ലഭ്യമാക്കും. ഇവർ പിന്നീട് സ്ഥിരം ആവശ്യക്കാരായി മാറും. ഇവർ വഴി പുതിയ ഉപഭോക്താക്കളെ കണ്ടെത്തും. വലിയ മയക്കുമരുന്ന് കൈമാറ്റങ്ങൾക്ക് ലോഡ്ജ് ഇടത്താവളമാക്കി. ലോഡ്ജായതിനാൽ അപരിചിതരായി എത്തുന്നവരെ ആരും സംശയിക്കില്ല. വാട്‌സാപ്പ് വഴിയായിരുന്നു പ്രധാനമായും ലഹരി വിൽപ്പന. എം.ഡി.എം.എ, എൽ.എസ്.ഡി എന്നീ സിന്തറ്റിക് മയക്കുമരുന്നിനൊപ്പം കഞ്ചാവും വിറ്റിരുന്നു. ഇയാളുടെ മൊബൈലിൽ നിന്ന് മയക്കുമരുന്ന് ആവശ്യപ്പെട്ടുള്ള വാട്‌സാപ്പ് ചാറ്റുകളുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
മൊബൈലിൽ നിന്ന് ലഭിച്ച നമ്പറിന്റെ ഉടമകളിലേയ്ക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് എക്സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ടി.എം. കാസിം പറഞ്ഞു. നേരത്തെ മുഖ്യ പ്രതികളുടെ ഫോൺ ലൊക്കേഷൻ പരിശോധിച്ചതിൽ നിന്ന് നെട്ടൂർ ഭാഗത്ത് ഇവർ തമ്പടിച്ചതായി എക്സൈസ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. നെട്ടൂരിലെ ലോഡ്ജിൽ വെള്ളിയാഴ്ച എക്സൈസ് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി.