തിരുവല്ല : ചാത്തങ്കരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ ഒ.പി കം അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന്റെ ആദ്യഘട്ട നിര്‍മ്മാണത്തിന് 70 ലക്ഷം രൂപ അനുവദിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാ മോഹന്‍ അറിയിച്ചു. 1.25 കോടി രൂപയുടെ ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി എന്‍.എച്ച്.എമ്മിന് സമര്‍പ്പിക്കുവാന്‍ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു. എന്‍.എച്ച്.എമ്മിന്റെ ഫണ്ടില്‍ നിന്നും ഇപ്പോള്‍ അനുവദിച്ച 70 ലക്ഷം രൂപ കിഴിച്ച് ബാക്കി കണ്ടെത്തേണ്ട തുക ജില്ല-ബ്ലോക്ക് പഞ്ചായത്ത് ഫണ്ടില്‍ നിന്നോ എം.എല്‍.എ, എം.പി ഫണ്ടില്‍ നിന്നോ കണ്ടെത്തുവാനും തീരുമാനിച്ചു.
പുതിയ ബ്ലോക്കില്‍ ഡോക്ടര്‍മാര്‍ക്ക് പ്രത്യേക മുറികള്‍, ലാബ്, ഫാര്‍മസി, നേഴ്‌സിംഗ് റൂം, ഡ്രസിംഗ് റൂം, പേഴ്യഷന്റ് വെയിറ്റിംഗ് ഏരിയ, ഓഫീസ് തുടങ്ങിയവ നിര്‍മ്മിക്കുവാനാണ് തീരുമാനം. ഓരോ വര്‍ഷവും ഉണ്ടാകുന്ന വെള്ളപ്പൊക്കം മൂലം നിരവധി ദിവസങ്ങള്‍ ആശുപത്രി പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയാത്ത സാഹചര്യമാണ്. കഴിഞ്ഞ മഹാ പ്രളയവുമായി ബന്ധപ്പെട്ട് ജില്ലയില്‍ പൂര്‍ണ്ണമായും എല്ലാം നഷ്ടപ്പെട്ട ഏക സി.എച്ച്.സി ചാത്തങ്കരിയിലെ ആയിരുന്നു. ഇപ്പോഴത്തെ പഴയ കെട്ടിടം ബലക്ഷയമായതിനാല്‍ പൊളിച്ചുമാറ്റുന്നതിന് അടുത്ത ഭരണ സമിതി യോഗം തീരുമാനിക്കും. തുടര്‍ന്ന് ഉടന്‍തന്നെ ഭരണാനുമതി ലഭ്യമാക്കി തയ്യാറാക്കുന്ന മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് രണ്ട് ഘട്ടങ്ങളിലായി നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്.
യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാ മോഹന്‍ അധ്യക്ഷത വഹിച്ചു. എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബി സുഷന്‍, െൈവസ് പ്രസിഡന്റ് അനില്‍ മേരി ചെറിയാന്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ -ക്ഷേമകാര്യ സ്റ്റാന്‍്ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ സൂസമ്മ പൗലോസ്, ബിനില്‍ കുമാര്‍, അംഗങ്ങളായ ഈപ്പന്‍ കുര്യന്‍, അഡ്വ.സതീഷ് ചാത്തങ്കരി, മെഡിക്കല്‍ ഓഫീസര്‍ ഡോ.സുനിതാ കുമാരി, ഡോ.മാമ്മന്‍ ചെറിയാന്‍, എന്‍.എച്ച്.എം എഞ്ചിനീയര്‍ ടോം എന്നിവര്‍ സംസാരിച്ചു.