ആര്യനാട് : സ്ഥലം വില്‍ക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഉഴമലയ്ക്കല്‍ കുളപ്പട മണ്ണാംകോണം ടി.എസ്. ഭവന്‍ മൈലമൂട് വീട്ടില്‍ കിച്ചന്‍ എന്നു വിളിക്കുന്ന ഷിജിന്‍ (23) ആണ് അറസ്റ്റിലായത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.
രണ്ടാഴ്ച മുമ്പ് വട്ടിയൂര്‍ക്കാവ് സ്വദേശി സുധീര്‍ ജനാര്‍ദ്ദനനില്‍ നിന്നാണ് എട്ടോളം പേര്‍ അടങ്ങുന്ന സംഘം പണം തട്ടിയെടുത്തത്. നെടുമങ്ങാട് വാളിക്കോടുള്ള സ്ഥലം വില്‍പ്പനയ്ക്കുണ്ടെന്ന വ്യാജേനയാണ് സുധീറിനെയും ഇടനിലക്കാരന്‍ ഷിജു ഗോപനെയും ഉഴമലയ്ക്കല്‍ പുളിമൂട്ടിലുള്ള വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. ഇവരെ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയ സംഘം 20 ലക്ഷം രൂപയും മറ്റ് രേഖകളും കവര്‍ന്ന് രക്ഷപെട്ടു.
ആര്യനാട് പോലീസ് നടത്തിയ അന്വേഷണത്തില്‍ കോട്ടയ്ക്കകം കല്ലുപാലം സ്വദേശി അഖില്‍ ജിത്ത്, പുളിമൂട് സ്വദേശികളായ ശ്രുതി, ശ്രീലാല്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നും കിട്ടിയ വിവരം അനുസരിച്ചും ടവര്‍ ലോക്കഷന്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഷിജിന്‍ പിടിയിലായത്. ആര്യനാട് ഇന്‍സ്പെക്ടര്‍ ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.