കോട്ടയം: ജോലി വാഗ്‌ദാനം ചെയ്‌ത് രണ്ടുലക്ഷം രൂപ തട്ടിയെടുത്ത ചേര്‍ത്തല സ്വദേശി പിടിയില്‍. കുവൈത്തില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് മൂലവട്ടം സ്വദേശിനി ആതിരയില്‍നിന്നു രണ്ടുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ബംഗളുരുവില്‍ സ്‌ഥിരതാമസമാക്കിയ ചേര്‍ത്തല സ്വദേശി പിടിയില്‍. ബംഗളുരുവിലെ ബ്രൈറ്റ് ഗ്ലോബല്‍ സൊല്യൂഷന്‍സ് മാനേജിങ് ഡയറക്‌ടര്‍ ജോ ഫിലിപ്പ്(37)ആണ് അറസ്‌റ്റിലായത്. 2018 ഡിസംബറിലായിരുന്നു കേസിനാസ്‌പദമായ സംഭവം.
ലാബ് ടെക്‌നീഷ്യയായ യുവതിക്കു കുവൈത്തിലെ വാരാ ആശുപത്രിയില്‍ ജോലി വാഗ്‌ദാനം ചെയ്‌താണു പ്രതി പണം വാങ്ങിയത്. പണം നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ലഭിക്കാഞ്ഞതോടെ ആതിര ജില്ലാ പോലീസ് മേധാവി പി.എസ്. സാബുവിനു നവംബറില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നു വെസ്‌റ്റ് സ്‌റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്.ഐ: ടി. ശ്രീജിത്ത്, എസ്.ഐ: കുര്യന്‍ മാത്യു, സീനിയര്‍ സി.പി.ഒ: സി.കെ. നവീന്‍ എന്നിവര്‍ ചേര്‍ന്നു ബംഗളുരുവില്‍നിന്നു പ്രതിയെ പിടികൂടി. കോട്ടയം വെസ്‌റ്റ് സ്‌റ്റേഷനില്‍ എത്തിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.